‘എല്ലാം വ്യാജം’ : സിബിഐ ഡിഐജിയുടെ ഹർജി, അധികാര കേന്ദ്രങ്ങളെ സംശയനിഴലിൽ നിർത്തുന്നു

ഹരിഭായ് ചൗധരി, അജിത്ത് ഡോവല്‍, പി.കെ.സിന്‍ഹ

സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ സിബിഐ ഡിഐജി: മനിഷ് കുമാർ സിൻഹ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: സെന്റർ ഓഫ് ബോഗസ് ഇൻവെസ്റ്റിഗേഷൻ. അതായത്, വ്യാജ അന്വേഷണകേന്ദ്രം.  സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്ക്കെതിരെയുള്ള പരാതിയിൽ അന്വേഷണത്തിന്റെ മേൽനോട്ടം മനിഷ് സിൻഹയ്ക്കായിരുന്നു. പരാതിക്കാരനായ ബിസിനസുകാരൻ സതീഷ് സനയുടെ മൊഴിയെടുത്തപ്പോൾ ലഭിച്ച വിവരങ്ങൾ മാത്രമല്ല, മൊഴിയെടുക്കലിനിടെ പോലും സനയെ സ്വാധീനിക്കാൻ നടന്ന ശ്രമങ്ങളും ഹർജിയിൽ സിൻഹ അക്കമിട്ടു നിരത്തുന്നു. പരാതിയിൽ തുടർനടപടിയുണ്ടാവരുതെന്ന് ഒട്ടേറെ ഉന്നതരാണു താൽപര്യപ്പെട്ടത്.

ഹർജിയിലെ ആരോപണങ്ങൾ ശരിയെങ്കിൽ, കഴിഞ്ഞ ഏതാനും വർഷമായി ആദായനികുതി റെയ്ഡും സിബിഐ കേസുമൊക്കെയായി വിവാദത്തിലായ മൊയീൻ ഖുറേഷിയെന്ന ഇറച്ചി കയറ്റുമതിക്കാരന്റെ കേസിൽ ഇവർക്കെന്തു താൽപര്യം? ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ സംരക്ഷിക്കാൻ ഇവരെല്ലാം എന്തിനു ശ്രമിക്കുന്നു? പണവും സൗഹൃദങ്ങളും മാത്രമാണോ ഇവർക്കു പൊതുതാൽപര്യമാകുന്ന വിഷയമെന്ന് ഇനിയും വ്യക്തമല്ല.

ഇത്തരം കാര്യങ്ങൾക്കു വ്യക്തത വരുക എളുപ്പമല്ലെന്നാണ് സിബിഐയിലുള്ളവർതന്നെ സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസം മൂന്നാം വാരത്തിലാണ് ആലോക് വർമയെയും അസ്താനയെയും അവരുടെ പദവികളിൽനിന്നു മാറ്റിയത്. അതിനുശേഷവും അസ്താനയ്ക്കെതിരെയുള്ള കേസ് ഒത്തുതീർക്കാൻ സിവിസിയുടെ ഓഫിസും മറ്റും ശ്രമിച്ചെന്നാണ് സിബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നേരത്തേ ചില കേസുകളിൽപെട്ടയാളാണ് ഹൈദരാബാദിൽനിന്നുള്ള സതീഷ് സന. ഇയാൾ, മൊയീൻ ഖുറേഷിയെ ഇടനിലക്കാരനാക്കി കേസുകൾ ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കുന്നു. അതായത്, ആദ്യം ആദായനികുതി വകുപ്പിന്റെ കെണിയിലാവുകയും പിന്നീട് കേസുകളിൽ പ്രതിയാവുകയും ചെയ്ത ഖുറേഷി, തുടർന്ന് കേസുകൾ തീർപ്പാക്കുന്ന ഇടനിലക്കാരനാവുകയായിരുന്നു.
തന്നെ ഭീഷണിപ്പെടുത്തി അഞ്ചു തവണയായി 3.3 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സതീഷ് സന പരാതിയിൽ ആരോപിച്ചത് രാകേഷ് അസ്താന, ഖുറേഷിയുടെ കേസ് അന്വേഷിച്ച ഡിഎസ്പി: ദേവേന്ദർ കുമാർ, മനോജ് പ്രസാദ്, സോമേഷ് തുടങ്ങിവരെക്കുറിച്ചാണ്.

റോ ജോയിന്റ് സെക്രട്ടറിയായിരുന്ന ദിനേശ്വർ പ്രസാദിന്റെ മക്കളാണ് മനോജും സോമേഷും. കഴിഞ്ഞ മാസം 16ന് ഡൽഹി വിമാനത്താവളത്തിൽനിന്ന് അറസ്റ്റിലായ മനോജിനെ ചോദ്യം ചെയ്തതിനെക്കുറിച്ച് മനിഷ് സിൻഹ പറയുന്നത്: തനിക്ക് അജിത് ഡോവലുമായി അടുത്ത ബന്ധമുണ്ട്. എന്നിട്ടും എങ്ങനെ അറസ്റ്റിലായി? അതായിരുന്നു മനോജിന്റെ സംശയം. സഹോദരൻ സോമേഷിന് സമന്ത് ഗോയലുമായി വളരെയടുത്ത ബന്ധമുണ്ടെന്നും മനിഷ് സിൻഹ ഉൾപ്പെടെയുള്ളവരെ തീർത്തുകളയുമെന്നും മനോജ് പറഞ്ഞു.

ഉദ്യോഗസ്ഥർ നിലവിട്ടു പെരുമാറരുതെന്ന് മനോജ് ഉപദേശിച്ചു. അജിത് ഡോവലിനെ വ്യക്തിപരമായ ഏതോ വിഷയത്തിൽ സമന്ത് ഗോയലും സോമേഷും സഹായിച്ചെന്നും മനോജ് അവകാശപ്പെട്ടു. ഇന്റർപോളിൽ പ്രതിനിധി സമിതിയിലേക്കു മൽസരിക്കുന്നതിൽനിന്ന് ഇന്ത്യ അവസാനനിമിഷം പിന്മാറിയ കാര്യവും മനോജ് എടുത്തിട്ടു. സിൻഹ പറയുന്നു: ഡോവലുമായുള്ള ബന്ധത്തെക്കുറിച്ചു സ്ഥിരീകരിക്കാനായില്ല, ഇന്റർപോൾ വിഷയം ശരിയാണ്.

മനോജിന്റെ വാട്സാപ് സന്ദേശങ്ങൾ പരിശോധിച്ചതിനെക്കുറിച്ച് സിൻഹ: മനോജും സനയും, മനോജും സോമേഷും കൈമാറിയ സന്ദേശങ്ങളിൽ കൈക്കൂലി ഇടപാടു ശരിവയ്ക്കുന്നു.
മനോജിനെ അറസ്റ്റ് ചെയ്തോയെന്ന് ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലിൽനിന്ന് സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎസ്പി: എ.കെ.ബസിയോടു ചോദ്യം. ചോദ്യം വന്നത് കാബിനറ്റ് സെക്രട്ടേറിയറ്റിൽനിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരും മറ്റും പിന്നീട് കണ്ടുപിടിച്ചു.

മനീഷ് കുമാർ സിൻഹ, കെ.വി.ചൗധരി, സുരേഷ് ചന്ദ്ര

മനോജ് അറസ്റ്റിലായ ശേഷം, സോമേഷും സമന്തും അസ്താനയും തമ്മിൽ നടന്ന സംഭാഷണങ്ങൾ സിബിഐതന്നെ ചോർത്തിയെന്നാണ് മനിഷ് സിൻഹയുടെ വെളിപ്പെടുത്തൽ. മറ്റൊന്നുകൂടി: 16നു രാത്രി സോമേഷിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ സിബിഐയും റോയും സ്ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്സിൽതന്നെയായിരുന്നു.  കഴിഞ്ഞ മാസം 17ന് ആണ് അസ്താനയുടെ പേര് എഫ്ഐആറിലുണ്ടെന്ന് അജിത് ഡോവലിനെ സിബിഐ ഡയറക്ടർ അറിയിക്കുന്നത്. അന്നു രാത്രിതന്നെ ഡോവൽ അക്കാര്യം അസ്താനയെ അറിയിച്ചെന്നും തന്റെ അറസ്റ്റ് ഒഴിവാക്കാൻ അസ്താന, ഡോവലിനോട് അഭ്യർഥിച്ചെന്നും സിൻഹ വെളിപ്പെടുത്തുന്നു.  മന്ത്രി ചൗധരി ഈ വിഷയത്തിലേക്കു വരുന്നത് മാസങ്ങൾ മുൻപാണെന്നു സതീഷ് സനയുടെ മൊഴി. ജൂണിലാണത്രെ മന്ത്രിക്ക് ഏതാനും കോടി രൂപ, അഹമ്മദാബാദുകാരനായ വിപുൽ എന്നയാളിലൂടെ കൈമാറിയത്. എന്നാൽ, സിബിഐക്കുള്ള പരാതിയിൽ സതീഷ് സന ഇതു പരാമർശിച്ചില്ല. അന്വേഷകർ കാരണം ചോദിച്ചു: അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് മന്ത്രിയുടെ പേര് ഒഴിവാക്കിയതെന്നു മറുപടി.

കഴിഞ്ഞ മാസം 20ന് ആണ് ഖുറേഷി കേസ് അന്വേഷിച്ചിരുന്ന ദേവേന്ദറിന്റെ വീട് സിബിഐ റെയ്ഡ് ചെയ്യുന്നത്. അതിനിടെ പരിശോധനാസംഘത്തിന് ഡയറക്ടറുടെ ഫോൺ വന്നു: റെയ്ഡ് മതിയാക്കണം. നിർദേശം അജിത് ഡോവലിന്റേതാണെന്ന് ഡയറക്ടർ വെളിപ്പെടുത്തിയെന്നും മനിഷ് സിൻഹ. ദേവേന്ദറിന്റെ ഒരു മൊബൈൽ ഫോണിൽ ചില സന്ദേശങ്ങളുണ്ടെന്നും ആ ഫോൺ പിടിച്ചെടുക്കാൻ പാടില്ലെന്നും തനിക്കു കൃത്യമായ നിർദേശം ലഭിച്ചെന്നു മനിഷ്. ഒരു ഫോൺ മാത്രം പിടിച്ചെടുത്തു, ബാക്കി 6–7 ഫോൺ മക്കളുടേതും ബന്ധുക്കളുടേതുമാണെന്ന് ദേവേന്ദർ അവകാശപ്പെട്ടു.

കഴിഞ്ഞ 23നു രാത്രിയാണ്, ആരോ സമന്തിനോടു സംസാരിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലൂടെ കാര്യങ്ങളെല്ലാം ‘മാനേജ്’ ചെയ്തെന്നും മനിഷ് സിൻഹയ്ക്ക് അറിയിപ്പു ലഭിക്കുന്നത്. അന്നുതന്നെ അന്വേഷണസംഘത്തിലെ മനിഷ് സിൻഹ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റി ഉത്തരവുമിറങ്ങി.  നിയമ മന്ത്രാലയ സെക്രട്ടറി സുരേഷ് ചന്ദ്രയെക്കുറിച്ച് ഹർജിയിൽ: കഴിഞ്ഞ എട്ടിന് രേഖ റാണി എന്ന ആന്ധ്ര കേഡർ ഐഎഎസ് ഉദ്യോഗസ്ഥ, സതീഷ് സനയെ സമീപിച്ചു. ചന്ദ്രയ്ക്ക് കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹയുടെ സന്ദേശമാണത്രേ കൈമാറാനുണ്ടായിരുന്നത്: ‘സന പ്രശ്നമുണ്ടാക്കരുത്. കേന്ദ്ര സർക്കാർ സംരക്ഷണം നൽകും. ഭാവിയിൽ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.

ഹർജിയിൽ പരാമർശിക്കപ്പെടുന്ന ഉന്നതർ ഇവർ

കേന്ദ്ര കൽക്കരി – ഖനി സഹമന്ത്രി – ഹരിഭായ് പാർഥിഭായ് ചൗധരി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് – അജിത് ഡോവൽ

കേന്ദ്ര കാബിനറ്റ് സെക്രട്ടറി – പി.കെ.സിൻഹ

കേന്ദ്ര വിജിലൻസ് കമ്മിഷണർ (സിവിസി) – കെ.വി.ചൗധരി

കേന്ദ്ര നിയമമന്ത്രാലയ സെക്രട്ടറി – സുരേഷ് ചന്ദ്ര

റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) സ്പെഷൽ സെക്രട്ടറി – സമന്ത് ഗോയൽ

റോ മുൻ ജോയിന്റ് സെക്രട്ടറി – ദിനേശ്വർ പ്രസാദ്