സിബിഐയെ കുരുക്കിയത് ‘ഗുജറാത്ത് മോഡൽ’

വൈ.സി.മോദി, ആർ.എസ്.ഭാട്ടി, എ.കെ.ശര്‍മ

പ്രധാനമന്ത്രിയുടെ ഓഫിസുമായുള്ള (പിഎംഒ) അടു‌പ്പത്തിന്റെ പേരിൽ ഒരേ കേഡറിൽ നിന്നെത്തിയ ഉദ്യോഗസ്ഥ‌ർ തന്നെ പല അധികാരകേന്ദ്രങ്ങളായതോടെ പ്രശ്നങ്ങൾ തുടങ്ങി. അഴിമതിക്കേസുകളിലെ കൈകടത്തലുകൾകൂടി പുറത്തുവന്നതോടെ സ്ഥിതി കൂടുതൽ വഷളാവുകയാണ്.  അധി‌കാരത്തിലേറി ഒരു വർഷം തികയും മു‌ൻപേ ഗുജറാത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സിബിഐയിൽ നിയോഗിച്ച മോദി, നാലു‌വർഷത്തിനിടെ ഏഴു പേരെ ഉന്നതസ്ഥാനങ്ങളിലെത്തിച്ചു.

ഗുജറാത്ത് കലാപം അന്വേഷിച്ചു മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി. മോദി അഡീഷനൽ ഡയറക്ടറായി എത്തിയതായിരുന്നു തുടക്കം. പിന്നാലെ, ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ‌്ത എ.കെ.ശർമ ജോയിന്റ് ഡയറക്ടറായി എത്തി. പ്രധാനമന്ത്രിയുമായുള്ള അടുപ്പം ഇവർ ശരിക്കും ഉപയോഗിച്ചതോടെ, അന്ന് ഡയറക്ടറായിരുന്ന അനിൽ സിൻഹ നിശബ്ദനായി. വിശ്വസ്തനായ ആർ.എസ്.ഭാട്ടിയെ സിബിഐ പോളിസി വിഭാഗം ചുമതലയുള്ള ജോയിന്റ് ഡയറക്ടറാക്കി സിൻഹ നിയമിച്ചത് പക്ഷേ, ഇരു‌വ‌രെയും ചൊടിപ്പിച്ചു. പിഎംഒയുമായുള്ള ഏകോപനച്ചുമതല ഭാട്ടിക്കാണെന്നതായിരുന്നു കാര‌ണം.

അനിൽ സിൻഹ, രാകേഷ് അസ്താന

ഇതിനു പിന്നാലെയാണ് ഗുജറാത്ത് കേഡറിൽനിന്നു രാകേഷ് അസ്താന‌യെത്തിയത്. സിബിഐയുടെ പൂർണാധികാരം കൈപ്പിടിയിലാ‌ക്കാനുള്ള നീക്കം പക്ഷേ, തുടക്കത്തിലേ പാളി. അസ്താനയുടെ വരവോടെ സിബിഐയിൽ അഴിച്ചുപണി വന്നു. ഭാട്ടിയെ മാറ്റി എ.കെ.ശർമയ്ക്കു പോളിസി ചുമതല ന‌ൽകി. ഇതു സിബിഐയിൽ ഗുജറാത്ത് – ബിഹാർ പോരാട്ടമായി രൂപപ്പെട്ടു. സിൻഹയും ഭാട്ടിയും ബിഹാർ കേഡറിലെ ‌ഉദ്യോഗസ്ഥരായിരുന്നു. നിതീഷ് കുമാർ – ബിജെപി അസ്വാരസ്യങ്ങൾക്കിടയിൽ രാഷ്ട്രീയമാനങ്ങളും കൈവന്നു.

കാലാവധി തീരാനിരിക്കെ സിൻഹ നിശ്ശബ്ദത തുട‌ർന്നതോടെ അസ്താന – വൈ.സി.മോദി – എ.കെ.ശർമ ത്രയത്തിന്റെ കയ്യിലായി സിബിഐ. അഡീഷനൽ ഡയറക്ടറായി എത്തിയ അസ്താനയ്ക്കു പൂർണ ചുമതല നൽകാൻ, സീനിയോറിറ്റിയുണ്ടായിരുന്ന ആർ.കെ. ദത്തയെ മാറ്റിയതായിരുന്നു അടുത്ത പിഎംഒ ഇടപെടൽ. ഇതിനെതിരെ പ്രശാന്ത് ഭൂഷൺ കോടതിയെ സമീപിച്ചതോടെ ആലോക് വർമയെ ഡയറക‌്ടറാക്കി സർക്കാർ തടിയൂരി.

ഇതിനിടെ വൈ.സി.മോദി എൻഐഎയിലേക്കു പോയതോടെ പിഎംഒയുടെ ആശയവിനിമയം അസ്താനയിലൊതുങ്ങി.‌ സിബിഐയിലെ അധികാര സൂത്രവാക്യങ്ങൾ മാ‌റിമറിഞ്ഞു. എ.കെ.ശർമ ആലോക് വർമയ്ക്കൊപ്പം ചേർന്ന് അസ്താനയ്ക്കെ‌തിരെ നീങ്ങി. അസ്താനയ്ക്കെതിരായ അന്വേഷണച്ചുമതല ‌പോലും ശർമ ‌ഏറ്റെടുത്തതോടെ അധികാരപ്പോരിനു പുതിയ മാനങ്ങളും വന്നു. ഉദ്യോഗസ്ഥർതന്നെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ പിഎംഒ പ്രതിക്കൂട്ടിലായി.