സൈക്കിളിലേറി സുഹാസിനി; ടിഡിപിക്കായി പോരിനിറങ്ങി എൻടിആറിന്റെ കൊച്ചുമകൾ

ഞാനുമൊരു കൊച്ചുമോളാ... എൻ.ടി. രാമറാവുവിന്റെ പേരക്കുട്ടി സുഹാസിനി കുകത്പള്ളി മണ്ഡലത്തിലെ ഫതേനഗറിൽ തി‍രഞ്ഞെടുപ്പു പ്രചാരണത്തിനിടെ. കോൺഗ്രസ് നേതാവ് വി.ഹനുമന്തറാവു എംപി സമീപം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ഇന്ദിരാഗാന്ധിയുടെ ചിത്രം മുന്നിൽപതിച്ച കാരവൻ ഫതേനഗറിലെ ഗലിക്കു സമീപം നിന്നു. ഇന്ദിരാ ഗാന്ധിയുടെ നയങ്ങളോടുള്ള വിയോജിപ്പും ഇന്ദിരയെക്കാണാൻ സമയം അനുവദിക്കാത്തതിലുള്ള പ്രതിഷേധവും കാരണം തെലുങ്കുദേശം പാർട്ടി (ടിഡിപി) രൂപീകരിച്ച നന്ദമൂരി താരക രാമറാവു എന്ന എൻടിആറിന്റെ കൊച്ചുമകൾ, നന്ദമൂരി വെങ്കിട്ട സുഹാസിനി, പുറത്തേക്കിറങ്ങി. ടിഡിപി രൂപീകരിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ എൻടിആറിന്റെ തിരഞ്ഞെടുപ്പു പ്രചാരണവാഹനമായ ‘ചൈതന്യരഥ’ത്തിന്റെ സാരഥിയായിരുന്ന മകൻ നന്ദമൂരി ഹരികൃഷ്ണയുടെ പുത്രിയാണു സുഹാസിനി.

ഡ്രൈവിങ് ഇഷ്ടമായിരുന്ന ഹരികൃഷ്ണ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച ശേഷമാണു സുഹാസിനി രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന്റെ അർധസഹോദരിക്കു വോട്ടർമാർക്കിടയിലിറങ്ങുമ്പോൾ താരപരിവേഷമൊന്നുമില്ല.

‘ഈസാരി സൈക്കിൾക്കു വോട്ടേസി (ഇത്തവണ സൈക്കിളിനു വോട്ടു ചെയ്യൂ)..’ കുകത്പള്ളി മണ്ഡലത്തിലെ ഫതേനഗറിലെ ഗലിയിൽ വട്ടംകൂടി നിന്നവരോടായി ടിഡിപി സ്ഥാനാർഥി സുഹാസിനി ചിഹ്നം പരിചയപ്പെടുത്തി. തുടർന്ന് മുഖ്യ എതിരാളികളായ ടിആർഎസിന്റെ വാഗ്ദാനലംഘനങ്ങൾ ഓർമിപ്പിച്ചു. ഒപ്പം സ്വന്തം വാഗ്ദാനങ്ങൾ ആവർത്തിച്ചു. ടിആർഎസിന്റെ കാറിനെക്കാൾ വേഗവും മൈലേജും ടിഡിപിയുടെ സൈക്കിളിനു കിട്ടുമോയെന്ന പരീക്ഷണമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ സൈക്കിളിനെ പിന്നിൽനിന്നു തള്ളാനല്ല, മുന്നിൽനിന്നു നയിക്കാൻ കോൺഗ്രസിന്റെ ‘കൈ’ ഒപ്പമുണ്ട്.

മൈക്കിനെക്കാൾ ഒച്ചയുള്ള വി.ഹനുമന്ത റാവു എംപിയാണു കളം നിയന്ത്രിക്കുന്നത്. ആൾക്കൂട്ടത്തിലിറങ്ങി സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്നതും വോട്ടുറപ്പാക്കുന്നതും റാവുവാണ്. മൂക്കൊലിച്ചു നിൽക്കുന്ന കുട്ടികളെ വാരിയെടുത്തും മുറുക്കാൻ ചവയ്ക്കുന്ന മുത്തശ്ശിമാരെ ചേർത്തുപിടിച്ചും സ്ഥാനാർഥി ഗലിയിലൂടെ നടന്നു. കേരളത്തിലെ എതിരാളികളായ സിപിഐ, ഇവിടെ കോൺഗ്രസിനൊപ്പം നടന്നു ടിഡിപിക്കു വേണ്ടി വോട്ട് തേടുകയാണ്.

ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ നേരിയ പര‍ിഭ്രമം ഉണ്ടെങ്കിലും സുഹാസിനി ശുഭാപ്തി വിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, സുഹാസിനി ‘മനോരമ’യോടു സംസാരിക്കുന്നു.

എങ്ങനെയാണു തിരഞ്ഞെടുപ്പിലെ പ്രതീക്ഷ?

ജനങ്ങൾ എൻടിആറിനെ സ്നേഹിക്കുന്നു. ആ സ്നേഹം എന്നോടും കാണിക്കുന്നുണ്ട്. നിങ്ങൾക്കു കാണാമല്ലോ, ജനങ്ങൾ എങ്ങനെയാണ് എന്നെ സ്വീകരിക്കുന്നതെന്ന്. അവരെന്നെ വളരെ പ്രത‍ീക്ഷയോടെയാണു കാണുന്നത്. അവരുടെ പ്രതീക്ഷകൾ സഫലമാക്കുകയാണ് എന്റെ ലക്ഷ്യം. ഞാൻ സാമൂഹികസേവനമാണ് ഉദ്ദേശിക്കുന്നത്. ജൂനിയർ എൻ‍ടിആർ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും സഹായിക്കുന്നുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കൂടിയായ അമ്മാവൻ ചന്ദ്രബാബു നായിഡു സുഹാസിനിയെ ബലിയാടാക്കുകയാണ് എന്ന ആരോപണം കെ.ടി.രാമറാവു ഉന്നയിച്ചിട്ടുണ്ട്...

ഞാൻ ആരുടെയും ബലിയാടല്ല. ഞാൻ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ടു തന്നെയാണു തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. അച്ഛനും മുത്തച്ഛനും അമ്മാവന്മാരും രാഷ്ട്രീയപ്രവർത്തനം നടത്തുന്നതു കണ്ടാണു ഞാൻ വളർന്നത്.

മഹാകൂടമി അധികാരത്തിലെത്തിയാൽ മന്ത്രിയാകുമോ?

അക്കാര്യം പാർട്ടി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവാണു തീരുമാനിക്കേണ്ടത്.

ആന്ധ്രയിലും രായലസീമയിലും വേരുകളുള്ളവരാണ് കുകത്പള്ളി മണ്ഡലത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും. അതുകൊണ്ടാണോ സുരക്ഷിതമെന്നു കരുതുന്ന ഈ മണ്ഡലത്തിൽത്തന്നെ മൽസരിക്കാൻ തീരുമാനിച്ചത്?

(ആന്ധ്രയെ അനുകൂലിച്ചു പറഞ്ഞാൽ സംസ്ഥാനത്തെ ടിഡിപിയുടെ നിലപാടു ചോദ്യം ചെയ്യപ്പെടും. തെലങ്കാനയെ അനുകൂലിച്ചു പറഞ്ഞാൽ മണ്ഡലത്തിൽ സുഹാസിനിയുടെ വിജയത്തെ ബാധിക്കും. ഹനുമന്ത റാവു ഇടപെട്ടു. എങ്കിലും മറുപടി പറഞ്ഞതു സുഹാസിനി തന്നെയാണ്)

ആന്ധ്രയിലും തെലങ്കാനയിലും നിന്നുള്ളവർ ഈ മണ്ഡലത്തിലുണ്ട്. ഞാൻ ഈ മണ്ഡലത്തെ അങ്ങനെ രണ്ടായി തിരിക്കുന്നില്ല. ഞാൻ തെലങ്കാനക്കാരിയാണ്. തെലങ്കാനയിലെ ജനങ്ങളെയാണു ഞാൻ പിന്തുണയ്ക്കുന്നത്.

എത്രത്തോളം വിജയപ്രതീക്ഷയുണ്ട്?

101 ശതമാനം.