ബഹുഗുണ പോയി, ഗുണവും പോയോ...?!

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകൾ എറിയുന്ന പൂവുകൾ വിഗ്ഗിൽ വീഴാതെ തല കൈകൊണ്ടു മറയ്ക്കുന്ന ബിജെപി സ്ഥാനാർഥിയും മുൻ യുപി കോൺഗ്രസ് പ്രസിഡന്റുമായ റീത്ത ബഹുഗുണ. ചിത്രം: ആർ.എസ്. ഗോപൻ

അടിയന്തരാവസ്ഥ കഴിഞ്ഞ് എഴുപതുകളുടെ അവസാനം കേരളമാകെ കോൺഗ്രസിനെതിരെ ഉയർന്ന മുദ്രാവാക്യം ഓർമയുണ്ടോ? ജഗജ്ജീവൻ പോയി ജീവനും പോയി, ബഹുഗുണ പോയി ഗുണവും പോയി...! ജഗജ്ജീവൻ റാമും എച്ച്.എൻ. ബഹുഗുണയും കോൺഗ്രസ് വിട്ടുപോയതാണു വിഷയം. യുപി മുഖ്യമന്ത്രിയായിരുന്ന ഹേമവതി നന്ദൻ ബഹുഗുണയുടെ മകനും മകളും ഇപ്പോൾ കോൺഗ്രസ് വിട്ടിരിക്കുകയാണ്. കോൺഗ്രസിന്റെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു വിജയ് ബഹുഗുണ. ആങ്ങള വിജയ് ആദ്യം ബിജെപിയിൽ ചേർന്നു, പെങ്ങൾ റീത്ത ബഹുഗുണ കഴിഞ്ഞ ഒക്ടോബറിലാണു ബിജെപിയിലെത്തിയത്.

കഴിഞ്ഞ ഇലക്‌ഷൻ കാലത്ത് ഇവിടെ പിസിസി പ്രസിഡന്റായിരുന്നു റീത്ത. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുമായിരുന്നു. അതിനിടെ കോൺഗ്രസ് ഷീലാ ദീക്ഷിതിനെ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്ത് യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിച്ചു. അതോടെയാണു റീത്ത ബിജെപിയിൽ ചേക്കേറിയത്. റീത്ത ബഹുഗുണയിൽ ബിജെപി അനേകം ‘ഗുണങ്ങൾ’ കാണുന്നുണ്ട്. പാരമ്പര്യ രാഷ്ട്രീയ കുടുംബത്തിലെ അംഗം, ബ്രാഹ്മണ മുഖം, കോൺഗ്രസിന്റെ രഹസ്യങ്ങളെല്ലാം അറിയാം, ലക്നൗ കന്റോൺമെന്റ് മണ്ഡലം സ്വന്തം ഉള്ളംകൈ പോലെ പരിചിതം. മണ്ഡലത്തിൽ പട്ടികജാതിക്കാരുടെ കേന്ദ്രമായ ലാൽക്വാമിൽ റീത്തയുടെ വരവുകാത്തു ബിജെപി പ്രാദേശിക നേതാക്കൾ റോഡരികിൽ കസേരയിട്ടിരിപ്പാണ്. ഉത്തരേന്ത്യയിലെങ്ങും കിട്ടുന്ന കാൽഗ്ലാസ് ചായയും സാഖെ എന്ന കടിയും ഇടയ്ക്കിടെ വരും. ഗോതമ്പ് മാവുകൊണ്ടു നമ്മുടെ പക്കാവട പോലെ ഉണ്ടാക്കിയെടുക്കുന്നതാണു സാഖെ.

പെട്ടെന്നു കാവിനിറത്തിലുള്ള ഗാന്ധിത്തൊപ്പികൾ പ്രത്യക്ഷപ്പെട്ടു. തൊപ്പികൾ തലയിൽ വച്ചു ‘ജയ് ശ്രീറാം’ വിളികൾ മുഴങ്ങി. കൂപ്പുകൈകളുമായി റീത്ത എത്തിയപ്പോൾ പുഷ്പവൃഷ്ടിയുണ്ടായി. പരിസരത്തുള്ള വീടുകളുടെ ജനാലകളിൽ നിന്നു സ്ത്രീകൾ പൂ എറിയുന്നതു റീത്തയ്ക്കു തീരെ ഇഷ്ടപ്പെടുന്നില്ല. റീത്ത തലയിൽ വിഗ് വച്ചിരിക്കുകയാണ്. വിഗ്ഗിന് അലോസരം ഉണ്ടാകുന്നതാണു പ്രശ്നം.

ലാൽക്വാമിലെ ചാണകവും ഗോമൂത്രവും മണക്കുന്ന ഗലികളിലൂടെ സ്ഥാനാർഥിയുടെ ജാഥ നീങ്ങി. ഇവിടെ സകല വീട്ടിലും പശുക്കളുണ്ട്. വഴികളിലാകെ ചാണകം. നടക്കുമ്പോൾ ചെരിപ്പ് സ്പോഞ്ചിൽ അമരും പോലെ തോന്നിയാൽ കാര്യം മനസ്സിലാകും. വഴിവക്കിലെ ബ്രാഹ്മണ വീട്ടിൽ കയറിയ റീത്താ ദീദിയോട് എന്തുകൊണ്ടാണു കോൺഗ്രസ് വിട്ടതെന്നു ചോദിച്ചു. എസ്പിയും ബിഎസ്പിയും ഭരിച്ചു മുടിച്ച യുപിയിൽ വികസനം കൊണ്ടുവരാൻ മോദിയുടെ നയങ്ങൾക്കേ കഴിയൂ. കോൺഗ്രസിനു ജനങ്ങളുടെ അഭിലാഷങ്ങളുമായി ബന്ധമില്ല – റീത്ത പറഞ്ഞു.

റീത്തയുടെ എതിരാളിയുടെ കാര്യം ഇതിലും രസകരമാണ്. സാക്ഷാൽ മുലായം സിങ് യാദവിന്റെ മരുമകളാണ് എതിർ സ്ഥാനാർഥി. മുലായത്തിന്റെ രണ്ടാം ഭാര്യ സാധനയുടെ മകൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ. പ്രതീകിനു രാഷ്ട്രീയത്തിൽ താൽപര്യമില്ല. ഉണ്ടായിരുന്നെങ്കിൽ ചേട്ടൻ അഖിലേഷുമായി വൻ ഗുസ്തി നടന്നേനെ. പ്രതീക് ആളു ജിമ്മാണ്. റിയൽ എസ്റ്റേറ്റ് ബിസിനസും ജിം നടത്തലുമാണു പരിപാടി.

ബോളിവുഡ് താരത്തെപ്പോലുള്ള അപർണയ്ക്കു മോദിയോടാണു താൽപര്യം. മോദി ലക്നൗവിൽ വന്നപ്പോൾ ചേർന്നുനിന്നു സെൽഫിയെടുത്ത ചരിത്രമുണ്ട്. ഗോഹത്യയ്ക്കും ബീഫ് തീറ്റയ്ക്കുമെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീൻസിട്ട്, നാലുകോടി രൂപ വിലയുള്ള ലംബോർഗിനി കാറിൽ കറങ്ങലാണു പരിപാടി. മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിച്ച് ഇന്ത്യൻ ഫോറിൻ സർവീസിൽ ജോലിക്കു കയറാൻ കൊതിച്ച അപർണയ്ക്ക് കുടുംബത്തിൽ കുത്തകയായ രാഷ്ട്രീയാധികാര അപ്പത്തിന്റെ ഒരു കഷണം വേണം പത്രാസിനായി. അതിനാണു തിരഞ്ഞെടുപ്പിൽ അരക്കൈ നോക്കുന്നത്.

ബിജെപിക്ക് അത്തരമൊരു എതിർ സ്ഥാനാർഥി സൗകര്യമായി. റീത്ത ദീദിക്ക് അരലക്ഷം ഭൂരിപക്ഷമാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു ബിജെപി ലാൽക്വാം മണ്ഡലം പ്രസിഡന്റ് വിനായക് പാണ്ഡെ പറഞ്ഞു. റീത്ത ബഹുഗുണ പോയതുകൊണ്ടു കോൺഗ്രസിനു ഗുണം പോയോ, ബിജെപിക്കു ഗുണം കിട്ടിയോ എന്നു കണ്ടറിയാം.