ഗുജറാത്തിൽ ബിജെപിക്ക് നൂറിൽ തൊടാതെ ആറാം മധുരം; പിടിച്ചെടുത്ത് ഹിമാചൽ‍

താമരയിൽ നിറഞ്ഞ്: ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നശേഷം ന്യൂഡൽഹിയിലെ പാർട്ടി ദേശീയ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തരെ അഭിസംബോധന ചെയ്യുന്നു. ചിത്രം: പിടിഐ.

അഹമ്മദാബാദ്∙ രാജ്യത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തുടർച്ചയായ ആറാംതവണയും ഭരണം.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാൻ കഴിയാതിരുന്ന കോൺഗ്രസ് ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി, 100 സീറ്റു തികയ്ക്കുന്നതിൽനിന്നു ബിജെപിയെ തടഞ്ഞു.

22 വർഷത്തിനിടെ ബിജെപിക്കു ഗുജറാത്തിൽ കിട്ടുന്ന ഏറ്റവും കുറഞ്ഞ എണ്ണം സീറ്റുകളാണ് ഇത്തവണത്തെ 99. കോൺഗ്രസിന്റേതാകട്ടെ 27 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം.

കോൺഗ്രസ് സഖ്യം 80 സീറ്റുകളിലാണു വിജയിച്ചത്. കോൺഗ്രസ് ഒറ്റയ്ക്ക് 77 സീറ്റുകൾ നേടി.

അഭിമാന പോരാട്ടമായി ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കണ്ടു പ്രചാരണക്കൊടുങ്കാറ്റഴിച്ചു വിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശ്വാസമേകുന്നതാണു വിജയമെങ്കിലും 150 സീറ്റെന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ലക്ഷ്യം ഏറെ അകലെയായതു ക്ഷീണമായി. തളരാത്ത ആവേശത്തോടെ രംഗത്തുണ്ടായിരുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഊർജ്ജം പകരുന്നതാണു ഫലം.

∙ വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ ലീഡുനില മാറിമറിഞ്ഞു, ഓഹരി സൂചികയും ഇളകിയാടി

∙ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബിജെപി സംസ്ഥാനാധ്യക്ഷൻ ജിത്തു വാഗാനി ജയിച്ചു

∙ ദലിത് നേതാവ് ജിഗ്നേഷ് മെവാനിക്കും പിന്നാക്ക നേതാവ് അൽപേഷ് ഠാക്കൂറിനും വിജയം

∙ മുതിർന്ന കോൺഗ്രസ് നേതാക്കളായ അർജുൻ മോത്ത്‍വാഡിയും അശോക്സിങ് ഗോഹിലും പരാജയപ്പെട്ടു

∙ മോദിയുടെ ജന്മഗ്രാമം ഉൾപ്പെട്ട ഉഞ്ചയിൽ ബിജെപി പരാജയപ്പെട്ടു

∙ പട്ടേൽ മേഖലകളിൽ കോൺഗ്രസിനു നേട്ടം

∙ പതിവു തെറ്റാതെ നഗരങ്ങളിൽ ബിജെപി മുന്നേറ്റം, ഗ്രാമങ്ങളിൽ കോ‍ൺഗ്രസ്

∙ കച്ച്, സൗരാഷ്ട്ര മേഖലകൾ കോൺഗ്രസിനെ തുണച്ചു

ഹരിയാനയിൽ‍‍‍ കോൺഗ്രസ് പുറത്ത്; ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനരികെ  

ഷിംല∙ ഹിമാചൽപ്രദേശിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തിനു തൊട്ടടുത്തെത്തിയ നേട്ടത്തോടെ ബിജെപി അധികാരം പിടിച്ചു. ആകെയുള്ള അറുപത്തിയെട്ടിൽ ബിജെപി 44 സീറ്റ് നേടിയപ്പോൾ, നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് 21 സീറ്റിലൊതുങ്ങി. ഇരുപത്തിനാലു വർഷത്തിനു ശേഷം സംസ്ഥാനത്തു സിപിഎം അക്കൗണ്ട് തുറന്നു. രണ്ടു സ്വതന്ത്രരും വിജയിച്ചു. ഹിമാചൽ പ്രദേശ് കൂടി കൈവിട്ടതോടെ രാജ്യത്തു കോൺഗ്രസ് ഭരണം അഞ്ചു സംസ്ഥാനങ്ങളിലേക്കു ചുരുങ്ങി. 

ഉജ്വല വിജയത്തിനിടയിലും മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സത്പാൽ സിങ് സത്തി എന്നിവരുടെ പരാജയം ബിജെപിയെ ഞെട്ടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കാണു സാധ്യത.

ഇതേസമയം, ധൂമലിന്റെ സാധ്യത നിലനിർത്തിക്കൊണ്ട്, കട്‌ലേഹാറിൽ വിജയിച്ച ബിജെപി എംഎൽഎ വരീന്ദർ കൻവാർ സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്.

‘‘ഇതു സാധാരണ വിജയമല്ല; അസാമാന്യ വിജയം’’

                                   - നരേന്ദ്ര മോദി, പ്രധാനമന്ത്രി‌

‘‘അരിശത്തെ അ‌ന്തസ്സു കൊണ്ട് നേരിട്ടു. കോൺഗ്രസിന്റെ കരുത്ത് മാന്യതയും ധൈര്യവുമാണെന്നു തെളിയിച്ചു’’

                                      - രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ

‘‘പാർട്ടിയുടെ പരാജയം അംഗീകരിക്കുന്നു. കാരണങ്ങൾ വിശദമായി പരിശോധിക്കും.’’

                                         - വീരഭദ്ര സിങ് (കോൺഗ്രസ്)

‘‘എന്റെ പരാജയത്തിന് ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര് മുഖ്യമന്ത്രിയാവുമെന്നു കാത്തിരുന്നു കാണാം.’’

                                     - പ്രേംകുമാർ ധൂമൽ. (ബിജെപി)

‘‘തിയോഗിലെ ചരിത്രവിജയത്തിൽ വോട്ടർമാർക്കു ലാൽ സലാം.’’

                                    - സീതാറാം യച്ചൂരി, (സിപിഎം ജനറൽ സെക്രട്ടറി).