യുവതുർക്കികൾ നവശബ്ദം: ജിഗ്നേഷ് മെവാനിയും അൽപേഷ് ഠാക്കൂറും പ്രതിപക്ഷത്തിനു കരുത്തേകും

ദലിത് നേതാവു ജിഗ്നേഷ് മെവാനിയും കോൺഗ്രസിൽ ചേർന്ന പിന്നാക്ക നേതാവ് അൽപേശ് ഠാക്കൂറും നിയമസഭയിൽ പ്രതിപക്ഷത്തെ ഉറച്ച ശബ്ദമായി മാറും. സഭാതളത്തിലെ സാമുദായിക സമവാക്യങ്ങൾ കൂടി പൊളിച്ചെഴുതാൻ ഇവരുടെ സാന്നിധ്യം പ്രേരകമായേക്കും. ബിജെപിക്കെതിരെ സ്വന്തം നിലയ്ക്കു സ്വസമുദായാംഗങ്ങളെ അണിനിരത്തി പ്രവർത്തിക്കുന്നതിനിടെ കോൺഗ്രസിന്റെ കൈപിടിച്ച രണ്ടു പേരെ സംബന്ധിച്ചും ജീവന്മരണ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പ്

ജിഗ്നേഷ് മെവാനി കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി ജയിച്ചു. ബിജെപിയുടെ കടുത്ത ആരോപണങ്ങളെയും പ്രചാരണത്തെയും അതിജീവിച്ചാണ് ജിഗ്നേഷ് ജയിച്ചത്. അൽപേഷ് ഠാക്കൂർ കോൺഗ്രസ് ചിഹ്നത്തിലും ജയിച്ചു. ക്ഷത്രിയ സേനയുടെ നേതാവായിരുന്നിട്ടും അൽപേഷിനെതിരെ വിമതനീക്കമുണ്ടായിരുന്നു. കോൺഗ്രസിൽ ചേർന്നപ്പോൾ അത് ഒന്നുകൂടി ശക്തിയാർജിച്ചു. അൽപേഷിനു സീറ്റ് എന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ കോൺഗ്രസിനകത്തും പ്രതിഷേധമുയർന്നിരുന്നു. ചില പ്രാദേശിക നേതാക്കൾ പിണങ്ങി പിരിയുകയും ചെയ്തു. എന്നിട്ടും സീറ്റ് നൽകാനും വിജയിപ്പിച്ചെടുക്കാനും കോൺഗ്രസിനായി.