ബിജെപിയുടെ ‘കണ്ണുകെട്ടിയ’ ശിവകുമാർ തന്ത്രം; കർണാടകയിൽ സംഭവിച്ചത്...

ഡി.കെ. ശിവകുമാർ

ബെംഗളൂരു∙ കർണാടകയിൽ വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി എന്താണു സംഭവിച്ചത്? ആത്മവിശ്വാസത്തോടെയെത്തിയ ബിജെപിയെ ആരാണ് അവസാന നിമിഷം മലർത്തിയടിച്ചത്? ഇപ്പോഴും ആർക്കും കൃത്യമായി ലഭിച്ചിട്ടില്ല അതിനൊരു ഉത്തരം. കോൺഗ്രസ് എംഎൽഎമാരെ ‘തട്ടിയെടുക്കാനുള്ള’ ബിജെപി ശ്രമത്തെ പക്ഷേ തകർത്തുകളഞ്ഞത് മുൻമന്ത്രി കൂടിയായി ഡി.കെ.ശിവകുമാറാണെന്നതു വ്യക്തം. ‘എംഎൽഎമാരെ ജയിപ്പിക്കാൻ അറിയാമെങ്കിൽ അവരെ സംരക്ഷിക്കാനും ഞങ്ങൾക്കറിയാം’ എന്നാണ് ഇതിനെപ്പറ്റി ശിവകുമാർ പറഞ്ഞത്. ഒടുവിലിപ്പോൾ എത്തരത്തിലാണു താൻ കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിച്ചതെന്നു വെളിപ്പെടുത്തുന്നു പാർട്ടിയുടെ ഈ മുതിർന്ന നേതാവ്.

തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ രണ്ട് കോൺഗ്രസ് എംഎൽഎമാരെയാണ് അപ്രതീക്ഷിതമായി കാണായത്. വിശ്വാസവോട്ടെടുപ്പു സമയത്ത് ഇവരെ വിധാൻ സൗധയിലേക്ക് എത്തിക്കാനായിരുന്നു ബിജെപി നീക്കം. എന്നാൽ കാണാതായ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും വിശ്വാസവോട്ടെടുപ്പിനു തൊട്ടുമുൻപ് പ്രത്യക്ഷപ്പെട്ടു. വോട്ടെടുപ്പിന് ഒരു മണിക്കൂർ മുൻപ് പൊലീസ് അകമ്പടിയോടെയായിരുന്നു ഇവരുടെ വരവ്. മാത്രവുമല്ല, ബിജെപി നേതാക്കളുടെ മുന്നിലൂടെ പ്രതാപ് പാട്ടീൽ നേരെ പോയത് ശിവകുമാറിന്റെ അടുത്തേക്കായിരുന്നു. കെട്ടിപ്പിടിച്ചായിരുന്നു സ്വീകരണം. മറ്റ് കോണ്‍ഗ്രസ് എംഎൽമാരും ഇരുവരുടെയും വരവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

ഇതിനെപ്പറ്റി അപ്പോൾത്തന്നെ ശിവകുമാറിനു നേരെ മാധ്യമങ്ങളുടെ ചോദ്യവുമുണ്ടായി– ‘ദൈവം നൽകിയ കാന്തികപ്രഭാവം കൊണ്ടു സാധിക്കുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു ചിരിയോടെ മറുപടി. എന്നാൽ ‘കാണാതായ’ എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു ശിവകുമാർ. ബിജെപി പ്രവർത്തകരാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയത്. എന്നാൽ തന്റെ മറ്റു ബന്ധങ്ങൾ വഴി ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടേയിരുന്നു. ഇരുവരെയും താമസിപ്പിച്ച ഇടം വരെയെത്തി. ഒടുവിൽ അവശ്യസമയത്ത് വിധാൻ സൗധയിലെത്തിക്കുകയും ചെയ്തു.

ബിജെപിയാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നതിൽ യാതൊരു സംശയം വേണ്ടെന്നും ശിവകുമാർ പറയുന്നു. ‘അവർ ഒരുതരം രാഷ്ട്രീയം കളിച്ചു, നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു’ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. ജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളായ നാഗേഷ് എംഎൽഎയെ കോൺഗ്രസ് പാളയത്തിലേക്കു കൂട്ടാനും നേരത്തേത്തന്നെ ശിവകുമാർ ശ്രമം നടത്തിയിരുന്നു. വോട്ടെണ്ണൽ തീരുന്നതിനു മുൻപേ തന്നെ ഇതുമായി ബന്ധപ്പെട്ട് നാഗേഷുമായി അനൗദ്യോഗിക കരാറും ഉണ്ടാക്കി. അങ്ങനെയാണ് ഒരു സ്വതന്ത്രനും കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനൊപ്പം ചേരുന്നത്. ഗവർണർക്കു മുന്നിലും അദ്ദേഹത്തെ കൃത്യസമയത്തെത്തിച്ചു.

സുപ്രീംകോടതി വിധിയുടെ സഹായത്തോടെ വിശ്വാസവോട്ട് നേരത്തേയായതോടെ 104 എംഎൽഎമാരുമായി ബിജെപി നടത്തിയ പ്രയത്നമെല്ലാം പാതിവഴിയിൽ പൊലിയുകയും ചെയ്തു. എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സഖ്യമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ബുധനാഴ്ച  അധികാരത്തിലേറാനിരിക്കുകയാണ് കർണാടകയിൽ.