Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് മുന്നണികളെ മുൾമുനയിലാക്കി ചെറു മുസ്‌ലിം പാർട്ടികളുടെ മൗനം

മലപ്പുറത്ത് മുന്നണികളെ അസ്വസ്ഥമാക്കി ചെറു മുസ്‌‌ലിം പാർട്ടികൾ. എസ്ഡിപിഐയ്ക്കും പിഡിപിയ്ക്കും വെൽഫെയർ പാർട്ടിയ്ക്കും സ്ഥാനാർഥികളില്ല. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള പാർട്ടികൾ പക്ഷെ ആർക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 

കഴിഞ്ഞ തവണ ഇ.അഹമദിനെതിരെ മലപ്പുറത്ത് മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥി നസറുദ്ദീൻ എളമരം പെട്ടിയിലാക്കിയ വോട്ട് ചില്ലറയല്ല. 47000 വരുന്ന ഈ നിർണായക വോട്ടുകൾ മുന്നണികളെ േബജാറാക്കുന്നു. എസ്ഡിപിഐ ആർക്കും പരസ്യ പിന്തുണ പ്രഖ്യപിച്ചിട്ടില്ലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടരുതെന്ന പാർട്ടി നിലപാട് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ഇത്തവണ തുണയ്ക്കാമെന്ന കൃത്യമായ നിർദേശമാണ്. ഇടതുസ്ഥാനാര്‍ഥി ദുർബലനാണെന്ന വിലയിരുത്തലും ഇവർക്കുണ്ട്.

വെൽഫെയർ പാർട്ടിയും പി‍‍ഡിപിയും കഴിഞ്ഞ തവണ ഒന്നിച്ചായിരുന്നു മത്സര രംഗത്ത്. ഇത്തവണ ഇരുപാർട്ടികൾക്കും സ്ഥാനാർഥികളില്ല. ഇവർ കഴിഞ്ഞ തവണ െപട്ടിയിലാക്കിയ മുപ്പതിനായിരം വരുന്ന വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴുമെന്നതും മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. 2004ൽ പിഡിപിയുടെ പരസ്യ പിന്തുണ വാങ്ങിയാണ് ടി.കെ. ഹംസ ഇടതുമുന്നണിയിൽ നിന്നും ലോക്സഭയിലെത്തിയത്. ഇത്തവണ പിഡിപിയും ആർക്കും പരസ്യ പിന്തുണ നൽകിയിട്ടില്ല, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകൾ അനുകൂലമാക്കാൻ ലീഗ് േകന്ദ്രങ്ങളിൽ ശ്രമം ശക്തമാണ്.

ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ ഒറ്റപ്പെട്ടിയിൽ വീഴണമെന്ന നിലപാടിൽ ചെറുപാർട്ടികൾ ഉറച്ചു നിന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടും. പക്ഷെ ഇതിനു വർഗീയ ശക്തികളെ കൂട്ടു‌പിടിക്കുന്നൂവെന്ന ഇടത്, എൻഡിഎ മുന്നണികളുടെ വിമർശനത്തിന് കാരണമായേക്കും.