Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തത്വമസി: ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദം

Sabarimala-Thathwamasi ശബരിമല സന്നിധാനം. ചിത്രം: മനോരമ

തുലാവർഷത്തിന്റെ മിന്നൽപ്രഹരങ്ങളെ വകഞ്ഞുമാറ്റി വൃശ്ചികത്തിന്റെ കുളിരിലേക്കു പ്രകൃതി ചുവടു വയ്ക്കുകയാണ്. ഇനി മണ്ണിലും വിണ്ണിലും മനസ്സിലും ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകൾ. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്.

‘ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം. അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ! വേദാന്തപ്പൊരുളായ ശബരീശന്റെ സന്നിധിയിൽ ഭക്തരെ വരവേൽക്കുന്ന തത്വമസി എന്ന മഹാവാക്യം അന്വർഥമാണ്. 

സമത്വത്തിന്റെ തത്വം 

പണ്ട്, വളരെ പണ്ട്, 12 കൊല്ലത്തെ ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തിയ ശ്വേതകേതുവിനോട് അച്ഛൻ ആരുണി മഹർഷി ചോദിച്ചു:

‘മകനേ, നീയെന്തൊക്കെ പഠിച്ചു?’

‘വേദങ്ങളും വേദാംഗങ്ങളും മാത്രമല്ല, ലോകത്ത് ഇന്നു നിലവിലുള്ള ശാസ്ത്രങ്ങളെല്ലാം ഞാൻ പഠിച്ചു’- അതായിരുന്നു ശ്വേതകേതുവിന്റെ മറുപടി. 

അൽപം അഹങ്കാരം കലർന്ന മകന്റെ മറുപടി കേട്ടപ്പോൾ ആരുണി വീണ്ടും ചോദിച്ചു: ‘പന്ത്രണ്ടു കൊല്ലം പഠിച്ചിട്ടും, നീ യഥാർഥ ജ്ഞാനം നേടിയോ?’

സത്യത്തിൽ, എല്ലാം പഠിച്ചിട്ടും ശ്വേതകേതു നേടിയത്, ഞാനെല്ലാം പഠിച്ചു എന്ന അഹങ്കാരം മാത്രമായിരുന്നു. അവനവനെയും ലോകത്തെയും പരമാത്മാവിനെയുമൊക്കെ അറിയുക എന്ന യഥാർഥ ജ്ഞാനം നേടിയിരുന്നില്ല. എല്ലാം പഠിച്ചിട്ടും ഒന്നുമറിയാത്ത മകൻ ശ്വേതകേതുവിന് ആരുണി മഹർഷി യഥാർഥ ജ്ഞാനം ഉപദേശിക്കുകയാണ്: തത്വമസി (അതു നീയാണ്). 

ഭാരതം ലോകത്തിനു മുന്നിൽ വച്ച നാലു മഹാവാക്യങ്ങളിലൊന്നാണു തത്വമസി. അഹം ബ്രഹ്മാസ്മി, പ്രജ്ഞാനം ബ്രഹ്മ, അയമാത്മാ ബ്രഹ്മ എന്നിവയാണു മറ്റു മൂന്നു മഹാവാക്യങ്ങൾ. ലോകത്തിന്റെ തന്നെ ബോധധാരയെ നേർവഴിക്കു നയിച്ച വാക്യങ്ങളാണിവ. ‘ഈശ്വരൻ നീയാണ്’ എന്നു ശ്വേതകേതുകുമാരനെ അച്ഛനായ ആരുണി മഹർഷി ഉപദേശിക്കുന്ന തത്വമസി എന്ന മഹാവാക്യം ഛാന്ദോഗ്യോപനിഷത്തിലേതാണ്.

അഹങ്കാരത്തിനും അറിവില്ലായ്മയ്ക്കും കാമം, ക്രോധം, ലോഭം, മോഹം മുതലായ അഷ്ടരാഗങ്ങൾക്കുമപ്പുറം പരമാത്മചൈതന്യത്തിന്റെ വെളിച്ചമേകുന്നതാണു ‘തത്വമസി’ എന്ന മഹാവാക്യം. മാലയിട്ട്, വ്രതമെടുത്ത്, ശരണംവിളിച്ച് പതിനെട്ടു മലകളും താണ്ടി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തൻ തത്വമസിയെന്ന വാക്യം ഓർമിപ്പിക്കുന്ന ഈശ്വരപദത്തിലേക്കാണ് എത്തുന്നത്. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ലൗകികമായ വികാരവിചാരങ്ങളുടെ പ്രതീകങ്ങളായ പതിനെട്ടു പടികൾ കടന്നാലേ തത്വമസിയുടെ സമത്വലോകത്ത് എത്തുകയുള്ളൂ. 

ആത്മസംസ്കരണത്തിന്റെ പതിനെട്ടു പടികൾ 

പതിനെട്ടു പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. ഈ ലോകത്തു നമ്മെ ബന്ധിച്ചിടുന്ന ഇന്ദ്രിയവിഷയങ്ങളാണവ. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ അഷ്ടരാഗങ്ങളുടെ പ്രതീകങ്ങൾ. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നിവയാണ് അഷ്ടരാഗങ്ങൾ.

ഈ അഷ്ടരാഗങ്ങളെയും മറികടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. അതിനുമപ്പുറമെത്തുമ്പോൾ മാത്രമേ ഭക്തൻ അദ്വൈതഭാവം പകരുന്ന തത്വമസിയുടെ വിശാലതയിലെത്തൂ. അങ്ങനെ ആത്മസംസ്കരണത്തിന്റെ പതിനെട്ടു പടികൾ കടന്നെത്തുന്ന ഏകഭാവത്തിന്റെ ആ വിശാലതയാണു ഭഗവാന്റെ സന്നിധി. ഭക്തിയുടെ ആ ഉന്നതിയിൽ ഭേദഭാവങ്ങളില്ല. എല്ലാം എല്ലാം അയ്യപ്പൻ.