Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയലാളി ജബനെ കാണാനില്ല...

Fest കലോൽസവ വേദിയിൽ നിന്ന്

ഒന്നാം ദിനം കലോൽസവം വേദികളാകെ സർവ്വത്ര പൂരമായിരുന്നു. ഉദ്ഘാടിക്കാതെ മുങ്ങിയ മുഖ്യൻ മുതൽ സദസിൽ കവിക്കിട്ട് പൊട്ടിച്ച എഎസ്ഐ വരെ നിറഞ്ഞാടിയ ദിനം. ഒപ്പന സംഘത്തിന്റെ കുഴിയടക്കലും നാടൻപാട്ട് ഗ്രീൻ റൂമിൽ പൊലീസേമാന്റെ ഭരതനാട്യവുംകൂടി ആയതോടെ സംഗതി ജഗപൊഗ.

അല്ലെങ്കിലും നമ്മുടെ മുഖ്യന്റെ കാര്യം ഇങ്ങനെയാണ്. വന്നാലും പ്രശ്നം വന്നില്ലെങ്കിലും പ്രശ്നം. വന്നുകഴിഞ്ഞാൽ കടക്കുപുറത്ത് നയമാണ്. സൈദ്ധാന്തികമായി പറഞ്ഞാൽ മാധ്യമ സിന്റിക്കേറ്റു ഗെഡികളെക്കണ്ടാൽ ഗെറ്റൗട്ടടിച്ചെന്നൊക്കെവരും. ഇത്തവണ വരാതിരുന്നാണ് ഗുലുമാലുണ്ടാക്കിയത്. മുഖ്യനെ കാത്തിരുന്ന് കാണാതായതോടെ ഉദ്ഘാടന സ്പീച്ച് സ്പീക്കർ കയറിയങ്ങ് സ്പീക്കി. കലോൽസവം കൂടാതെ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടിക്കാൻ പോയെന്നാണ് ചില കുലംകുത്തികൾ പറഞ്ഞുപരത്തുന്നത്. എന്തായാലും മുഖ്യനെ വിമർശിക്കാൻ കിട്ടുന്ന എന്തെങ്കിലും നുമ്മ കളയുമോ? പിന്നെ അങ്കമായിരുന്നില്ലെ.. എന്റെ സിവനേ...

സാഹിത്യ അക്കാദമി വേദിയിൽ മൽസരമൊക്കെ കണ്ട് കൂട്ടുകാരുമായി കുശലമൊക്കെ പറഞ്ഞുപോകാമെന്ന ധാരണയിലായിരുന്നു പാവം നമ്മുടെ ലൂയിസ് പീറ്ററാശാന്റെ വരവ്. സംഗതി എന്തോ നമ്മുടെ എഎസ്ഐ ഏമാന് അത്ര പിടിച്ചില്ല. നാലാൾ കാൺകെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു. വെറുതെ നിന്ന കവിയെയാണ് പൊലീസ് കൈവച്ചതെന്നാരോപിച്ച് കണ്ടുനിന്നവർ ഇളകി. ഇതിനിടെ ‘ബാർ’ലി വെള്ളം മോന്തി ബഹളം വച്ചെന്നാരോപിച്ച് കവിയെ പൊക്കി ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ ആകെ അലമ്പായി. അപ്പോഴാണ് കയറിപ്പിടിച്ചത് മുള്ളു മുരുക്കിലാണെന്ന് പൊലീസിനും പിടികിട്ടിയത്. പ്രശ്നം വഷളായതോടെ കൃഷി മന്ത്രിയെത്തി. മന്ത്രിയെക്കണ്ട ഏമാൻ ഏതോ വഴിക്ക് മുങ്ങി. പിന്നെ കെട്ടിപ്പിടിക്കുന്നു, പൊട്ടിക്കരയുന്നു.. സെന്റിയോട് സെന്റി..

ഇതിനു പിന്നാലെയാണ് ഇതേ ഏമാൻ നാടൻപാട്ടുകാരുടെ ഗ്രീൻ റൂമിൽ കയറി അലമ്പുണ്ടാക്കിയെന്ന ആരോപണവുമായി അധ്യാപകർ ഉൾപ്പെടെയുള്ള സ്ത്രീകളും രംഗത്തെത്തിയത്. ഇതോടെ ഏമാന്റെ കാര്യം തീരുമാനമായി. കലോൽസവ ചുമതലയിൽ നിന്നും ഗെറ്റൗട്ട്.

ഒപ്പനവേദിയിൽ രാവിലെ മുതൽ കുഴിയടക്കൽ യജ്ഞമായിരുന്നു. മൽസരം തുടങ്ങാറായതോടെ മണവാട്ടിയുടെ കല്യാണം മുടക്കാൻ വേദിയിൽ കുഴികളുണ്ടെന്ന ആരോപണവുമായി അധ്യാപകർ എത്തി. കുഴിയല്ല കുഴൽക്കിണറായാലും നികത്തില്ലെന്ന വാശിയിൽ സംഘാടകരും നിന്നതോടെ ഉടക്കായി. വേദിയിലെ മാറ്റിന്റെ പേരിലും ഛഘടാ ഛഘടാ. ഒടുവിൽ കുഴിയിൽ അധ്യാപകർ തന്നെ മണ്ണിട്ടു നികത്തിയാണ് പ്രശ്നം തീർത്തത്.