Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാങ്കോ നീയറിഞ്ഞോ... ഞാൻ പെട്ടു

Soothradharan കഥകളി മൽസരത്തിൽ നിന്ന്

കോൽക്കളിക്കെത്തിയ പിള്ളേർ കോലിന് കുത്താതെ വിട്ടതിൽ സംഘാടകർക്ക് ആശ്വസിക്കാം. ജസ്റ്റ് മിസ്സായിരുന്നു. കറങ്ങിയടിക്കാൻ സ്ഥലമില്ലാത്ത വേദിയിൽ കോലടിക്കാൻ വിട്ടെന്നാണ് ആരോപണം. കാലുംനീട്ടിയിരുന്ന് കളി കാണാൻ പറ്റാത്തതിന്റെ കലിപ്പ് കാണികൾക്കുമുണ്ടായിരുന്നു. സദസ്സിൽ സ്ഥലമില്ലാതെ വന്നതോടെ ചിലർ സമീപത്തെ കെട്ടിടങ്ങൾക്കു മുകളിൽ കയറി. കാണികൾ തട്ടുംപുറത്ത് കയറിയതിനാലും ഒരു മണിക്കൂർ വൈകിയിട്ടായാലും മൽസരം തട്ടിൽകയറ്റാനായതിനാലും തൽക്കാലം തട്ടുകൊള്ളാതെ രക്ഷപെട്ടു.

കലോൽസവ ഷെഡ്യൂളിന്റെ പോക്ക് ഇന്ത്യൻ റയിൽവെയെക്കാളും കഷ്ടമാണ്. ലേറ്റോട് ലേറ്റ്. ഇന്നലെ വൈകീട്ട് അവസാനിക്കേണ്ടിയിരുന്ന മൽസരങ്ങൾ പലതും നേരം വെളുപ്പിച്ചു. പാതിരാത്രിയിലേക്ക് മൽസരങ്ങൾ നീണ്ടതോടെ സദസ്സിലുണ്ടായിരുന്നത് പൊലീസും മാധ്യമപ്രവർത്തകരും ഒഴിഞ്ഞ കസേരകളും മാത്രം. വിധികർത്താക്കളുടെ വിധിയാണ് കഷ്ടം. ഈർക്കിലു വച്ചിട്ടായാലും കണ്ണു തുറന്നിരുന്നേ പറ്റൂ. എങ്ങാനും കണ്ണടഞ്ഞുപോയാൽ അതിന്റെ പേരിലാകും അടുത്ത അങ്കം. ഇന്നും മണിക്കൂറുകൾ വൈകിയാണ് മൽസരത്തീവണ്ടിയുടെ പോക്ക്. ഹയർ സെക്കൻഡറി വൃന്ദ വാദ്യം അനന്തമായി നീണ്ടതോടെ മാർഗം കളിക്ക് മാർഗമില്ലാതായി. ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ?

കലോൽസവ വേദികളിൽ കാക്കിപ്പടയ്ക്ക് എന്തോ ജാതകദോഷമുണ്ടെന്ന് തോന്നുന്നു. ആവേശം കൂടുന്നിടത്തെല്ലാം പണിവാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഏമാന്മാർ. സേവനത്തെ വിലകുറച്ചു. കാണുന്നില്ല. എന്നാലും ചിലത് പറയാതെ വയ്യ. 

കവി ലൂയിസ് പീറ്ററിനെ കൈവച്ചകേസിലായിരുന്നു ഇന്നലത്തെ അങ്കമെങ്കിൽ ഇന്നത് മാധ്യമപ്രവർത്തകരോടായിരുന്നു. അതും ഇന്നലത്തെ മാപ്പുപറയലിന്റെ ക്ഷീണം മാറും മുൻപേ. ഒന്നാം വേദിയിൽ മൽസരം കഴിഞ്ഞിറങ്ങിയ കുട്ടികളോട് മാധ്യമപ്രവർത്തകർ വിവരങ്ങൾ ചോദിച്ചതാണ് ഏമാന് പിടിക്കാതെ പോയത്. അതിനു മീഡിയസെന്ററുണ്ടെന്നും അവിടിരുന്ന് കുട്ടികളെ പ്രോത്സാഹിപ്പിച്ചാൽ മതിയെന്നുമാണ് പറയുന്നത്. പണ്ട് തപാൽ മാർഗം നീന്തൽ പടിച്ചത് ഈ സാറാണോ എന്നൊരു സംശയം. വിവരമറിഞ്ഞ് കൂടുതൽ മാധ്യമപ്രവർത്തകർ എത്തിയതോടെ സീൻ കോൺട്രയാക്കേണ്ടെന്ന് കാക്കിക്കാരും തീരുമാനിച്ചു. മുതിർന്ന ഏമാനെത്തി മാധ്യമപ്രവർത്തകർക്ക് ഗ്രീൻറൂം പരിസരത്ത് വരെപോയി വിവരങ്ങൾ ശേഖരിക്കാമെന്ന സമവായത്തിൽ എല്ലാംപറഞ്ഞ് കോപ്ലിമെൻസാക്കി. 

പക്ഷേ തീർന്നില്ല. ഏമാന്റെ പടം പത്രത്താണുകളിൽ അച്ചടിച്ചുവിട്ട് ചിലര്‍ പകരംവീട്ടി. പിന്നാലെ മറ്റൊരു കേസിൽ സമവായ ചർച്ചയ്ക്കു പോകുന്നതിനിടെ കീഴുദ്യോഗസ്ഥർക്ക് മുതിർന്ന ഏമാന്റെ ഉപദേശവും. സൂക്ഷിച്ചോ തന്നേം ഇവന്മാരു പടമാക്കും.