കാഞ്ച ഇളയ്യയ്ക്ക് നേരെ ആക്രമണം; പുസ്തകം പിൻവലിക്കണമെന്ന് ആവശ്യം

വാറങ്കൽ(തെലങ്കാന)∙ പ്രമുഖ ദലിത് ചിന്തകനും ഗ്രന്ഥകാരനുമായ പ്രഫ. കാഞ്ച ഇളയ്യയ്ക്കു നേരെ ആക്രമണം. വാറങ്കലിൽ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു സംഭവം.

ഇളയ്യയുടെ പുതിയ പുസ്തകത്തിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്നാരോപിച്ചു വൈശ്യ സംഘടനകളുടെ നേതൃത്വത്തിൽ തെലങ്കാനയിലും ആന്ധ്രയിലും പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇത്തരമൊരു പ്രതിഷേധത്തിനു മുന്നിലേക്ക് ഇളയ്യ സഞ്ചരിച്ച കാർ എത്തുകയായിരുന്നു. നാലു പേർ തന്റെ കാറിനു നേരെ കല്ലും ചെരിപ്പുമെറിയുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി കാഞ്ച ഇളയ്യ പരാതിയിൽ പറയുന്നു.

പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാവരിയുമെന്ന് സെപ്റ്റംബർ ആദ്യം ഭീഷണിയുണ്ടായിരുന്നു. ഇതിനെതിരെ ഉസ്മാനിയ യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പുസ്തകത്തിനെതിരായ പരാതിയിൽ ഇളയ്യയ്ക്കെതിരെയും കേസുണ്ട്.