ആദ്യ പ്രസവത്തിന് 6000 രൂപ സഹായം: പദ്ധതിക്ക് അനുമതിയായി

ന്യൂഡൽഹി ∙ യുവതികൾക്ക് ആദ്യ പ്രസവ ആനുകൂല്യമായി 6000 രൂപ അനുവദിക്കാനുള്ള പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. തുക യുവതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടു നൽകുന്നതാണു പദ്ധതി.

കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം മുഖേന 5000 രൂപയും മറ്റു സ്ഥാപനങ്ങൾ മുഖേന ആയിരം രൂപയുടെ സഹായങ്ങളുമാണു പദ്ധതിയിൽ. മൂന്നു ഗഡുക്കളായാകും 5000 രൂപ വിതരണം ചെയ്യുക. ഗർഭം റജിസ്റ്റർ ചെയ്യുമ്പോൾ 1000 രൂപ, ആറു മാസത്തിനു ശേഷമുള്ള പരിശോധനാ വേളയിൽ 2000 രൂപ, കുട്ടിയുടെ ജനന റജിസ്ട്രേഷൻ വേളയിൽ 2000 രൂപ എന്നിങ്ങനെയാകും തുക നൽകുക.

കറൻസി റദ്ദാക്കലിനുശേഷം കഴിഞ്ഞ ഡിസംബർ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിൽ പ്രഖ്യാപിച്ചതാണു പദ്ധതി. പദ്ധതിയിൽ 2020 മാർച്ച് വരേക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 12,661 കോടി രൂപ ചെലവിടും.

ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 7932 കോടി രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിയുള്ള സ്ത്രീകൾക്ക് ആനുകൂല്യത്തിന് അർഹതയില്ല.