കോപ്റ്റർ അപകടം: മൃതദേഹത്തോട് അനാദരമില്ലെന്ന് സൈന്യം

ന്യൂഡൽഹി ∙ അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു കട്ടിപേപ്പർ പെട്ടികളിൽ എത്തിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെക്കുറിച്ചു വിവാദം. വിരമിച്ച സൈനികോദ്യോഗസ്ഥൻ ലഫ്. ജനറൽ എച്ച്. എസ് പനാഗാണു ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

എന്നാൽ, വിദൂരപ്രദേശത്തുനിന്നു കണ്ടെടുത്ത മൃതദേഹങ്ങൾ ഗുവാഹത്തിയിലെ ക്യാംപിലെത്തിച്ചപ്പോഴത്തെ ചിത്രങ്ങളാണിതെന്നും അവിടെനിന്ന് എല്ലാ ആദരത്തോടെയുമാണു സൈനികരുടെ ജന്മനാട്ടിലേക്കെത്തിച്ചതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, സൈന്യം ഉപയോഗിക്കുന്നതരം മൃതദേഹ ബാഗുകളിലാണ് ഇവ കൊണ്ടുവരേണ്ടതെന്നു ലഫ്. ജനറൽ പനാഗ് പറയുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ അരുണാചലിലെ തവാങ്ങിൽ വെള്ളിയാഴ്ചയാണു തകർന്നത്.