പിരിച്ചുവിടലിനെതിരെ മാർച്ച്; നഴ്സുമാരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു

ന്യൂഡൽഹി ∙ കൂട്ടപ്പിരിച്ചുവിടലിനെതിരെ പ്രതിഷേധിച്ച ലേഡി ഹാർഡിങ് ആശുപത്രിയിലെ നഴ്സുമാരെ പൊലീസ് സ്റ്റേഷനിൽ ഏഴുമണിക്കൂർ തടഞ്ഞുവച്ചു. മലയാളികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ നഴ്സുമാരെയാണു ഭക്ഷണവും വെള്ളവും പോലും നൽകാതെ ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചത്. ഒടുവിൽ വിട്ടയച്ചതു രാത്രിയിൽ.

36 കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയുള്ള നിരാഹാരസമരം 10 ദിവസം പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടർന്നു നഴ്സുമാർ ആഭ്യന്തര മന്ത്രാലയ ഓഫിസിലേക്കു മാർച്ച് നടത്തിയിരുന്നു. നിരാഹാരത്തിൽ പങ്കെടുത്ത രാജസ്ഥാൻ സ്വദേശി സത്‌വീർ തളർന്നുവീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. 

പ്രതിഷേധത്തിനൊടുവിലാണു സത്‌വീറിനെ ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനു പിന്നാലെ റോഡ് ഉപരോധിച്ച നഴ്സുമാർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റേഷനിലെത്തിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. എട്ടുമണിയോടെ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആനി രാജ സ്റ്റേഷനിലെത്തിയതോടെയാണു പ്രശ്നം പരിഹരിച്ചത്.