ഗുജറാത്തിൽ ഇന്ന് നെതന്യാഹു–മോദി റോഡ് ഷോ

ബെന്യാമിൻ നെതന്യാഹു ഭാര്യ സൈറയ്ക്കൊപ്പം താജ്മഹൽ സന്ദർശിച്ചപ്പോൾ.

അഹമ്മദാബാദ് ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഇന്നു ഗുജറാത്തിൽ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമാണ് അദ്ദേഹം ഗുജറാത്തിൽ എത്തുക. വിമാനത്താവളംമുതൽ സബർമതി ആശ്രമംവരെ എട്ടു കിലോമീറ്റർ രണ്ടുപേരും പങ്കെടുക്കുന്ന റോഡ് ഷോയും ഉണ്ടായിരിക്കും.

റോഡരികിൽ 50 ഇടത്ത് ഉയർത്തിയിട്ടുള്ള വേദികളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ച് അതിഥികളെ വരവേൽക്കും. ഇന്ത്യയിലുള്ള ജൂതസമുദായാംഗങ്ങളും വരവേൽപിനുണ്ടാവും. സബർമതി സന്ദർശനത്തിനുശേഷം, സംരംഭകരെ വളർത്തിയെടുക്കുന്നതിനുള്ള ഐക്രിയേറ്റ് എന്ന സ്വയംഭരണ സ്ഥാപനവും നെതന്യാഹു സന്ദർശിക്കും.

മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആരംഭിച്ച സ്ഥാപനമാണിത്. ഓരുജലം ശുദ്ധീകരിക്കുന്ന യന്ത്രം ഘടിപ്പിച്ച ഗാൽ മൊബൈൽ എന്ന ജീപ്പ് നെതന്യാഹു ഇവിടെവച്ചു മോദിക്കു സമ്മാനിക്കും. ഇസ്രയേലിന്റെ സഹായത്തോടെ സ്ഥാപിച്ച സബർകന്ത കാർഷിക ഗവേഷണ സ്ഥാപനവും ഇരുവരും സന്ദർശിക്കും.

ആറു ദിവസം നീളുന്ന സന്ദർശനത്തിനെത്തിയ നെതന്യാഹു ഭാര്യ സൈറയുമൊത്ത് ഇന്നലെ ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചു. വിമാനത്താവളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ എതിരേറ്റു.