കാർത്തിയെ 26 വരെ അറസ്റ്റ് ചെയ്യരുത്: സുപ്രീം കോടതി

ന്യൂഡൽഹി ∙െഎഎൻഎക്സ് മീഡിയ കോഴക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലുള്ള കാർത്തി ചിദംബരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 26 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കാർത്തിയെ ഇഡി അറസ്റ്റ് ചെയ്യുന്നതു നേരത്തേ ഡൽഹി ഹൈക്കോടതി 20 വരെ തടഞ്ഞിരുന്നു.

അതിനെതിരെ ഇഡി നൽകിയ ഹർജിയാണു സുപ്രീം കോടതി പരിഗണിച്ചത്. അറസ്റ്റ് നടത്താൻ ഇഡിക്കുള്ള അധികാരത്തെക്കുറിച്ചു വിവിധ ഹൈക്കോടതികൾ ഭിന്ന നിലപാടുകളെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 19–ാം വകുപ്പാണു ഹൈക്കോടതികൾ ഭിന്നരീതികളിൽ വ്യാഖ്യാനിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിൽ, കാർത്തിയുടെ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്കു മാറ്റുകയാണെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 28നു ചെന്നൈയിൽ സിബിഐ അറസ്റ്റ് ചെയ്ത കാർത്തിയെ 24 വരെയാണു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. കേസിൽ കാർത്തിയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.