കമലിന്റെ പരിപാടി വിലക്കി

ചെന്നൈ ∙ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ പങ്കെടുക്കേണ്ടിയിരുന്ന രാജ്യാന്തര സാങ്കേതിക സിംപോസിയത്തിന് അണ്ണാ സർവകലാശാലാ അധികൃതർ അനുമതി നിഷേധിച്ചു. അണ്ണാ സർവകലാശാലയ്ക്കു കീഴിലെ അസോസിയേഷൻ ഓഫ് ലെതർ ടെക്നോളജിസ്റ്റ് സംഘടിപ്പിക്കുന്ന രാജ്യാന്തര സാങ്കേതിക സിംപോസിയം ക്രോസ്‌ലിൻക്സ് 22നാണു തുടങ്ങിയത്. 

സമാപന ദിനമായ ഇന്നലെ കമൽ ഹാസനെ വിദ്യാർഥികളുമായി സംവദിക്കാൻ സംഘാടകർ ക്ഷണിച്ചിരുന്നു. എന്നാൽ, മൂന്നാം ദിവസത്തെ അനുമതി സർവകലാശാലാ അധികൃതർ അവസാന ദിവസം റദ്ദാക്കി. രാഷ്ട്രീയ നേതാവിനെ ക്ഷണിക്കുന്നതിനെതിരെ സർവകലാശാലയ്ക്കകത്തുനിന്നുതന്നെ എതിർപ്പുയർന്ന സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. സംഭവത്തെക്കുറിച്ചു കമൽ ഹാസൻ പ്രതികരിച്ചില്ല.