ഇന്ത്യ–ചൈന ബന്ധം: ഡോവലും യാങ്ങും ചർച്ച നടത്തി

ബെയ്ജിങ് ∙ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത ഉദ്യോഗസ്ഥൻ യാങ് ജിയേച്ചിയും അതിർത്തിയിലെ പ്രതിസന്ധിയെക്കുറിച്ച് ഷാങ്ഹായിൽ ചർച്ച നടത്തി. സമാധാനം നിലനിർത്താനും ഉന്നത തലത്തിൽ ആശയവിനിമയം തുടരാനും ഇരുപക്ഷവും തീരുമാനിച്ചു.

ദോക്‌ലാം സംഭവത്തിനുശേഷം ഡോവലും യാങ്ങും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സമ്മേളനങ്ങളിൽ സംബന്ധിക്കാൻ ഈ മാസം 24നു വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും ചൈന സന്ദർശിക്കുന്നതിന്റെ മുന്നോടിയായിരുന്നു ഡോവൽ–യാങ് ചർച്ച.