ചീഫ് ജസ്റ്റിസിനുള്ള അധികാരം: ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റേതാണു ഹർജി. 

കേസിൽ കോടതിയെ സഹായിക്കാൻ കെ.കെ.വേണുഗോപാലിനോടും അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. താൻ അധ്യക്ഷനായ ബെഞ്ച് മുൻപാകെ കഴിഞ്ഞ ദിവസം ഹർജി പരാമർശിക്കുന്നതു ജസ്റ്റിസ് ചെലമേശ്വർ തടഞ്ഞിരുന്നു. 

പിന്നീട് ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുൻ‍പാകെ പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. ഈ പശ്ചാത്തലത്തിലാണു കേസ് ഇന്നലെ പരിഗണനയ്ക്കു വന്നത്. ഇനി ഈ മാസം 27നു വീണ്ടും പരിഗണിക്കും. ഭരണപരമായ വിഷയങ്ങളിൽ ‘ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ’ എന്നതിനെ സുപ്രീം കോടതിയിലെ അഞ്ചു മുതിർന്ന ജഡ്ജിമാരുടെ കൊളീജിയം എന്നു കരുതണമെന്നാണോ ഹർജിയിലെ വാദമെന്നു കോടതി ഇന്നലെ ചോദിച്ചു.