ഇംപീച്ച്മെന്റ്: കോൺഗ്രസ് നിയമനടപടി കൊളീജിയം നിലപാടിനു ശേഷം

ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നോട്ടിസ് തള്ളിയതിനെതിരായ കോൺഗ്രസിന്റെ നിയമനടപടി കൊളീജിയത്തിന്റെ നിലപാടു വെ‌ളിപ്പെട്ട ശേഷം. കഴിഞ്ഞ ദിവസം ചേർന്ന കൊളീജിയം ജസ്റ്റിസ് കെ.എം.ജോസഫിനു വേണ്ടി ശക്തമായ നിലപാടു സ്വീകരിക്കുമെന്നാണു പാർട്ടി കരുതിയിരുന്നത്. കൊളീജിയത്തിൽനിന്ന് ഈ നിലപാടുകൾ ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ:

∙ ജസ്റ്റിസ് ജോസഫിന്റെ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു സർക്കാരിനെ അറിയിക്കുക

∙ ജനുവരിയിൽ നൽകിയ ശുപാർശയിൽ തീരുമാനം വൈകിയതെന്തെന്നു വിശദീകരണമാരായുക

∙ ആദ്യ ശുപാർശകളിൽ തീരുമാനമെടുത്ത ശേഷം മാത്രം തുടർനടപടികൾ എന്ന് ഉറച്ച നിലപാട് എന്നാൽ തിരക്കിട്ടു യോഗം ചേർന്ന കൊളീജിയം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഉപരാഷ്ട്രപതി കുറ്റവിചാരണ നോട്ടിസ് തള്ളിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിരക്കിട്ടു നടപടികളിലേക്കു കടക്കുന്നതിനു പകരം കാത്തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്തയാഴ്ച കൊളീജിയം വീണ്ടും ചേരുന്നതാണു ‌പ്രധാന കാരണം.

ന്യായീകരണം വെറുതെ

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ടു നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉയർത്തിയ ‘കേഹാർ ന്യായ’ത്തിനു പ്രസക്തിയില്ലെന്നു കോൺഗ്രസ് വക്താവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി. ജുഡീഷ്യൽ നിയ‌മന കമ്മിഷൻ റദ്ദാക്കിയ കേഹാറിനെ ചീഫ് ജസ്റ്റിസാക്കിയെന്നാണു സർ‌ക്കാരിന്റെ വാദം.

∙ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ കേഹാറിനെ ചീഫ് ജസ്‌റ്റിസാക്കുകയല്ലാതെ സർക്കാരിനു മറ്റു മാർഗമുണ്ടായിരുന്നില്ല

∙ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും മുതിർന്നയാൾ ജസ്‌റ്റിസ് ജോസഫ് തന്നെയാണ്. ചീഫ് ജസ്റ്റിസായ ശേഷമുള്ള സീ‌നിയോറിറ്റിയല്ലാതെ മറ്റു പരിഗണനകൾക്കു പ്രസക്തിയില്ല

∙ ഇന്ദിരാഗാന്ധിയുടെ കാലത്തിനു ശേഷം സീനിയോറിറ്റി മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചിട്ടില്ല – സിങ്‌വി അഭിപ്രായപ്പെ‌ട്ടു.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം റദ്ദാക്കി ജസ്റ്റിസ് ജോസഫ് പുറപ്പെടുവിച്ച ഉത്തരവു തങ്ങളുടെ നിലപാടിനെ ‌സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നിയമമന്ത്രിയുടെ വാദം. അങ്ങനെയെങ്കിൽ ജ‌സ്റ്റിസ് കേ‌ഹാറിനെ ചീഫ് ജസ്റ്റിസാക്കുമായിരുന്നോ എന്ന മറുചോദ്യവും ഉന്നയി‌ച്ചിരുന്നു.