കോടതി പിരിഞ്ഞപ്പോൾ പുലർച്ചെ മൂന്നര!

ഷാറൂഖ് ജെ. കഠാവാല

മുംബൈ∙ കോടതി മധ്യവേനൽ അവധിക്കു പിരിയുന്നതിനു മുൻപുള്ള അവസാന പ്രവൃത്തിദിനമായിരുന്നു വെള്ളിയാഴ്ച. വൈകിട്ട് അഞ്ചിനകം കേസുകൾ തീർത്തു സ്ഥലംവിടാൻ ബോംബെ ഹൈക്കോടതിയിലെ മിക്ക ജഡ്ജിമാരും ശ്രമിച്ചപ്പോൾ ജസ്റ്റിസ് ഷാറൂഖ് ജെ.കഠാവാലയുടെ ബെഞ്ച് പ്രവർത്തിച്ചത് ഇന്നലെ പുലർച്ചെ 3.30 വരെ. അടിയന്തരമായി തീർപ്പുപറയേണ്ട നൂറോളം സിവിൽ ഹർജികൾ ഉള്ളതിനാലാണു നടപടികൾ നീണ്ടത്.

തന്റേതായിരുന്നു അവസാനത്തെ കേസെന്നും ജസ്റ്റിസ് കഠാവാല ക്ഷമയോടെ കേട്ടു തീർപ്പുപറഞ്ഞെന്നും മുതിർന്ന അഭിഭാഷകനായ പ്രവീൺ സമ്ദാനി പറഞ്ഞു. മറ്റു ജഡ്ജിമാരിൽ നിന്നു തികച്ചും വ്യത്യസ്തനാണു കഠാവാലയെന്ന് അഭിഭാഷകർ പറയുന്നു. രാവിലെ പത്തിനാണു സാധാരണ കോടതി നടപടികൾ ആരംഭിക്കേണ്ടതെങ്കിലും കഠാവാല ഒരു മണിക്കൂർ നേരത്തേ തുടങ്ങും. വൈകിട്ട് അഞ്ചു മണിക്കുശേഷവും വാദം കേൾക്കൽ തുടരുന്നത് ആദ്യമായല്ല. അർധരാത്രി വരെ നീണ്ട അവസരങ്ങളുണ്ട്. എന്നാൽ പുലർച്ചെ വരെ നീളുന്നത് ആദ്യമായാണ്.

ഇന്നലെ പുലർച്ചെയാണു കോടതി പിരിഞ്ഞതെങ്കിലും കഠാവാല രാവിലെ പതിവു സമയത്തു തന്നെ കോടതിയിലെത്തി; ബാക്കിയുള്ള ചില ജോലികൾ കൂടി തീർക്കാൻ.