ഇല്ല, നിർഭയയുടെ മാതാപിതാക്കൾ വോട്ടു ചെയ്യാനില്ല

ന്യൂഡൽഹി ∙ ഓടുന്ന ബസിൽ പീഡിപ്പിക്കപ്പെടുകയും തുടർന്നു കൊല്ലപ്പെടുകയും ചെയ്ത നിർഭയയുടെ കേസിൽ ഇതുവരെ നീതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അടുത്തവർഷത്തെ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുകയില്ലെന്നു നിർഭയയുടെ മാതാപിതാക്കൾ അറിയിച്ചു. നിർഭയ കേസിൽ വേഗത്തിൽ നീതി നടപ്പാക്കിയിരുന്നെങ്കിൽ കഠ്‌വ, ഉന്നാവ് പീഡനക്കേസുകൾ ഉണ്ടാകുമായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

2014ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പു കാലത്ത് ‘നിങ്ങൾ വോട്ടു ചെയ്യാൻ പോകുമ്പോൾ നിർഭയയെ ഓർത്തുകൊള്ളണ’മെന്നു പറഞ്ഞു നരേന്ദ്ര മോദി വോട്ടു പിടിച്ചതിനെ പരാമർശിച്ച നിർഭയയുടെ അമ്മ ആഷാദേവി, തനിക്കു പ്രതീക്ഷ നഷ്ടമായതായി പറഞ്ഞു. നിർഭയ കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചെങ്കിലും വിധി നടപ്പാക്കിയിട്ടില്ല.