അഗ്നിശോഭയിൽ ഇന്ത്യ; അഗ്നി –5 മിസൈലിന്റെ ആറാം പരീക്ഷണം വിജയം

ബാലസോർ (ഒഡീഷ)∙ അയ്യായിരം കിലോമീറ്റർ വരെ പറന്നെത്തി ആണവായുധം പ്രയോഗിക്കാൻ ശേഷിയുള്ള അഗ്നി–5 ബാലിസ്റ്റിക് മിസൈൽ ആറാമത്തെ നിർണായക പരീക്ഷണത്തിൽ വിജയിച്ചെന്ന് ഡിആർഡിഒ അറിയിച്ചു. ഇന്നലെ രാവിലെ നടത്തിയ പരീക്ഷണത്തി‌ൽ, മിസൈൽ പൂർണ ദൂരപരിധിയിലെത്തി ലക്ഷ്യം ഭേദിച്ചു. അഗ്നി പരമ്പരയിലെ ആദ്യ നാലു മിസൈലുകളേക്കാൾ കരുത്തുറ്റതാണ് ഇന്ത്യയുടെ അഭിമാനമായ അഗ്നി 5. 

അന്തരീക്ഷത്തിലൂടെ കുതിക്കുമ്പോൾ വായുവുമായി ഉരസി മിസൈലിന്റെ ഉപരിതല താപനില 4000 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇതുമൂലം മിസൈലിലെ കംപ്യൂട്ടർ നിയന്ത്രിത യന്ത്രഭാഗങ്ങൾക്കും ആയുധങ്ങൾക്കും സംഭവിക്കാവുന്ന നാശം ചെറുക്കാൻ കാർബൺ കോംപസിറ്റ് ഫൈബറിൽ നിർമിച്ച പ്രത്യേക കവചം, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘റിൻസ്’, ‘മിൻസ്’ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചെന്നും ഡിആർഡിഒ വൃത്തങ്ങൾ പറഞ്ഞു.

മിസൈലിന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നാണു നടന്നത്. കഴിഞ്ഞ ജനുവരിയിൽ അഞ്ചാം പരീക്ഷണം പൂർത്തിയാക്കി. എല്ലാ പരീക്ഷണങ്ങളും വിജയമായിരുന്നു. താമസിയാതെ ഇന്ത്യൻ സേനയുടെ ഭാഗമായി അഗ്നി 5 എത്തുമെന്നാണു പ്രതീക്ഷ. ചൈനയ്ക്കു മേൽ വ്യക്തമായ മേൽക്കൈ നേടാൻ മിസൈൽ ഇന്ത്യയെ സഹായിക്കുമെന്നു പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.