ഇന്ത്യ തിരയുമ്പോൾ നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ∙ അന്വേഷണസംഘം രാജ്യമെമ്പാടും തിരയുമ്പോൾ, കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞതു ലണ്ടൻ നഗരഹൃദയത്തിലെ ഫ്ലാറ്റിൽ. പാസ്പോർട്ട് റദ്ദാക്കിയിട്ടും നീരവ് ലോകമെങ്ങും പറന്നുനടന്നു. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി ഒളിവിലും സുഖജീവിതം നയിക്കുകയാണെന്ന റിപ്പോർട്ട് ‘ സണ്ടേ ടൈംസ്’ പുറത്തുവിട്ടു.

പഞ്ചാബ് നാഷനൽ ബാങ്കിനെ 13,000 കോടിയിലേറെ രൂപ കബളിപ്പിച്ചെന്ന കേസിൽ തിരയുമ്പോൾ ലണ്ടനിലെ സ്വന്തം ജ്വല്ലറിയുടെ മുകളിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു നീരവ്. സമ്പന്നമേഖലയായ മേയ്ഫെയറിലെ ഓൾഡ് ബോണ്ട് സ്ട്രീറ്റിലാണു ജ്വല്ലറി. കഴി‍ഞ്ഞയാഴ്ചവരെ ജ്വല്ലറി പ്രവർത്തിച്ചിരുന്നു.

ഫെബ്രുവരി 23ന് ആണു നീരവിന്റെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയത്. ഇന്റർപോളിനെയും യുകെ അധികൃതരെയും വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ മാർച്ച് 15നു ഹീത്രൂ വിമാനത്താവളത്തിൽനിന്നു ഹോങ്കോങ്ങിലേക്കും അവിടെനിന്നു ന്യൂയോർക്കിലേക്കും മാർച്ച് 28നു തിരിച്ചു ലണ്ടനിലേക്കും ഇയാൾ സഞ്ചരിച്ചു. മൂന്നു ദിവസത്തിനുശേഷം പാരീസിലേക്കും പിന്നീടു ബ്രസൽസിലേക്കും തിരിച്ചു യൂറോസ്റ്റാർ ട്രെയിനിൽ ലണ്ടനിലേക്കും വന്നു.

നീരവ് മോദിയുടെ യാത്രകളെക്കുറിച്ചു പ്രതികരിക്കാൻ യുകെ ആഭ്യന്തര, അതിർത്തി സേനാ അധികൃതർ തയാറായില്ല. 

അറസ്റ്റ് വാറന്റ് അയച്ചു; ഇ മെയിലിൽ

ന്യൂഡൽഹി∙ കസ്റ്റംസ് തീരുവ വെട്ടിച്ച കേസിൽ റവന്യു ഇന്റലിജൻസ് ഏജൻസി (ഡിആർഐ) നീരവ് മോദിക്ക് ഇ മെയിലിൽ അറസ്റ്റ് വാറന്റ് അയച്ചു. ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരാകാഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ്.

നികുതി ഇളവോടെ ഇറക്കുമതി ചെയ്ത 890 കോടി രൂപയുടെ രത്നങ്ങളും മുത്തുകളും 52 കോടി രൂപ നികുതി വെട്ടിച്ച് പൊതുവിപണിയിൽ വിൽപന നടത്തിയെന്നാണു കേസ്.