‘നിപ്പ’ പടർത്തിയത് വവ്വാൽ തന്നെ

ന്യൂഡൽഹി ∙ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് മനുഷ്യരിലേക്കെത്തിയതു പഴംതീനി വവ്വാലുകളിൽ നിന്നാണെന്നു സ്ഥിരീകരണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ ഇതു തീർച്ചപ്പെടുത്താവുന്ന തെളിവുകൾ കിട്ടിയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ തന്നെ സ്ഥിരീകരിച്ചു. 

വവ്വാലുകളിൽ നിന്നാണു നിപ്പ മനുഷ്യരിലേക്ക് എത്തുന്നതെന്നു ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, രോഗബാധ ആദ്യം കണ്ടെത്തിയ കോഴിക്കോടു ജില്ലയിലെ പേരാമ്പ്ര ചെങ്ങരോത്തുനിന്ന് ആദ്യം പിടികൂടിയ വവ്വാലുകളിൽ പരിശോധനാഫലം നെഗറ്റീവായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 

ആദ്യഘട്ടത്തിൽ 21 വവ്വാലുകളെ പിടിച്ചു പരിശോധിച്ചെങ്കിലും അവയിൽ വൈറസുകളെ കണ്ടെത്താനായില്ല. തുടർന്ന് 50 വവ്വാലുകളെ കൂടി പരിശോധനയ്ക്കു വിധേയമാക്കി. ഇവയിലാണു നിപ്പ വൈറസുകളെ കണ്ടെത്തിയത്. പല വിഭാഗം പഴംതീനി വവ്വാലുകളുണ്ടെങ്കിലും ഇതിൽ ചിലയിനം മാത്രമേ നിപ്പ വൈറസ് വാഹകരാകുന്നുള്ളൂ. വൈറസ് ബാധയുള്ള വവ്വാലുകളുടെ സ്രവമാണു രോഗം പടർത്തുന്നത്. ജൂൺ ഒന്നിനുശേഷം നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, കോഴിക്കോട്, മലപ്പുറം ജില്ലകളെ രോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു.

ആദ്യം കണ്ടതു മലേഷ്യയിൽ

മലേഷ്യയിലാണു ലോകത്താദ്യമായി നിപ്പ വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 1999ൽ. മരണം: 105. വവ്വാലുകളിൽ നിന്നു പന്നികളിലേക്കും തുടർന്നു മനുഷ്യരിലേക്കും രോഗബാധ. ഇന്ത്യയിൽ ഇതിനു മുൻപു സമാന വൈറസ് ബാധയുണ്ടായതു 2001ൽ ബംഗാളിലെ സിലിഗുഡിയിലും 2007ൽ നദിയയിലും. സിലിഗുഡിയിൽ 66 പേർ മരിച്ചു. നദിയയിൽ അഞ്ചുപേരും.മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന തരം രോഗമാണു പേരാമ്പ്രയിലും പരിസരങ്ങളിലുമെന്നു തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു.