മഹാരാഷ്ട്രയിൽ വിശാല സഖ്യത്തിന് കോൺഗ്രസ് - എൻസിപി ചർച്ച സജീവം

മുംബൈ ∙ അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള സീറ്റുധാരണയ്ക്കായി കോൺഗ്രസും എൻസിപിയും പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ബിജെപിക്കും ശിവസേനയ്ക്കും എതിരെ മതനിരപേക്ഷ കക്ഷികളുടെ വിശാല സഖ്യമാണു ലക്ഷ്യമിടുന്നതെന്നു കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അധ്യക്ഷൻ അശോക് ചവാൻ ചർച്ചകൾക്കുശേഷം പറഞ്ഞു. സമാനമനസ്‌കരായ പാർട്ടികളുമായി ചർച്ച നടത്താൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖെ പാട്ടീലിനെ (കോൺഗ്രസ്) ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം മറ്റു കക്ഷികളുടെ നിലപാടുകളിൽ വ്യക്തതവരുത്തുകയാണു ലക്ഷ്യം.

ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു ചവാനും വിഖെ പാട്ടീലിനും പുറമെ, മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡെ, മുൻ സംസ്ഥാന അധ്യക്ഷൻ മണിക്റാവു തക്കറെ, കോൺഗ്രസ് മുംബൈ കമ്മിറ്റി അധ്യക്ഷൻ സഞ്ജയ് നിരുപം, മുൻ മന്ത്രി മുഹമ്മദ് ആരിഫ് നസീംഖാൻ എന്നിവരും എൻസിപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ, മുതിർന്ന നേതാക്കളായ അനിൽ ദേശ്മുഖ്, ശശികാന്ത് ഷിൻഡെ, ജിതേന്ദ്ര ആവാഡ്, സുനിൽ തത്ക്കറെ, ഛഗൻ ഭുജ്ബൽ എന്നിവരും പങ്കെടുത്തു. രണ്ടോ മൂന്നോ ദിവസത്തിനകം വീണ്ടും ഒരു ചർച്ച കൂടി ഉണ്ടാകുമെന്നു ചവാൻ അറിയിച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപി സഖ്യം മോദി തരംഗത്തിൽ തകർന്നടിയുകയായിരുന്നു. സംസ്ഥാനത്തെ 48 സീറ്റുകളിൽ എൻസിപിക്കു നാലും കോൺഗ്രസിനു രണ്ടുമാണ് ലഭിച്ചത്. അതേവർഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു വേളയിലാണ് സീറ്റ് തർക്കത്തിന്റെ പേരിൽ കോൺഗ്രസ്-എൻസിപി സഖ്യം തകർന്നത്. ഇരുപാർട്ടികളും വെവ്വേറെ മൽസരിച്ചപ്പോൾ ആകെയുള്ള 288 സീറ്റുകളിൽ കോൺഗ്രസിന് 42, എൻസിപിക്ക് 41 സീറ്റുകളാണ് ലഭിച്ചത്.