30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

മുംബൈ ∙ 30 ആഴ്ച ഗർഭിണിയായ യുവതിക്കു ഗർഭച്ഛിദ്രത്തിനു ബോംബെ ഹൈക്കോടതി അനുമതി നൽകി. നാസിക് സ്വദേശിയായ 33 വയസ്സുകാരിക്കാണ് കുഞ്ഞിനു ഗുരുതര വൈകല്യങ്ങൾക്കു സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് അനുമതി ലഭിച്ചത്. 

തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ഭിന്നശേഷിയുള്ളതാണെന്നും പിറക്കാൻ പോകുന്ന കുഞ്ഞിന് അതിലേറെ വൈകല്യങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു ഗർഭച്ഛിദ്രത്തിനായി അനുമതി തേടുന്നതെന്നും യുവതിയും ഭർത്താവും കോടതിയെ അറിയിച്ചിരുന്നു. മുംബൈ ജെജെ ആശുപത്രിയിൽനിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചതിന്റെകൂടി അടിസ്ഥാനത്തിലാണു കോടതി ഉത്തരവ്.