തെലങ്കാന: തർക്കം മുറുകി വിശാല സഖ്യം; മുന്നറിയിപ്പുമായി ടിജെഎസ്

ന്യൂഡൽഹി∙ തെലങ്കാനയിൽ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിനു മേൽ സമ്മർദം ചെലുത്തി പ്രതിപക്ഷ കക്ഷികൾ. കോൺഗ്രസ്, ടിഡിപി, സിപിഐ, തെലങ്കാന ജനസമിതി (ടിജെഎസ്) എന്നിവയുൾപ്പെട്ട പ്രതിപക്ഷ സഖ്യ കക്ഷികൾ ദിവസങ്ങളായി നടത്തുന്ന ചർച്ചയിൽ അഭിപ്രായ ഐക്യമായില്ല. 2 ദിവസത്തിനകം സീറ്റുവിഭജനം തീരുമാനമായില്ലെങ്കിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി ടിജെഎസ് രംഗത്തുവന്നതോടെ ടിആർഎസ്സിനെ മലർത്തിയടിക്കാൻ രൂപം കൊണ്ട വിശാല സഖ്യത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചനകൾ തെളിഞ്ഞു.

ടിഡിപിയും ടിജെഎസ്സും 15 – 20 വീതം സീറ്റുകളാണു മുഖ്യ കക്ഷിയായ കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. സിപിഐ 10 സീറ്റും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 20 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ടിജെഎസ്സിന്റെ നീക്കം. ആകെ 119 സീറ്റുകളാണു തെലങ്കാനയിലുള്ളത്. അതേസമയം, സീറ്റ് വിഭജനത്തിലെ അഭിപ്രായവ്യത്യാസം സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കരുതെന്നു കോൺഗ്രസ് സംസ്ഥാന ഘടകത്തോടു ദേശീയ നേതൃത്വം നിർദേശിച്ചു. സീറ്റ് വിഭജനത്തെച്ചൊല്ലി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഎസ്പി സഖ്യം കൈവിട്ടതിന്റെ പശ്ചാത്തലത്തിൽ, തെലങ്കാനയിൽ ശ്രദ്ധയോടെ നീങ്ങാനാണു പാർട്ടി തീരുമാനം.