മദ്യ നിയന്ത്രണം: ബിജെപി വാഗ്ദാനം ചർച്ചയാകുന്നു

ഹൈദരാബാദ് ∙ തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ആഴ്ചയിൽ രണ്ടുദിവസം മദ്യം ഒഴിവാക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിനു മുമ്പേ ചർച്ചയാകുന്നു. വൈകിട്ട് 6 നു ശേഷം ബാറുകളും മദ്യക്കടകളും അടച്ചിടുമെന്നും വാഗ്ദാനമുണ്ട്. അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകുമെന്ന മോദിയുടെ കഴിഞ്ഞ തവണത്തെ വാഗ്ദാനത്തിനു തുല്യമായി കണക്കാക്കിയാൽ മതിയെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു.

‘ഒരു കാരണവശാലും അവർ അധികാരത്തിൽ വരാൻ പോകുന്നില്ല.’ പ്രകടനപത്രിക പുറത്തുവരാതെ പ്രതികരിക്കാനില്ലെന്നു ടിആർഎസ് നേതാക്കൾ പറഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പിൽ ടിഡിപിയുമായി ചേർന്നു മൽസരിച്ചിട്ടും ബിജെപിക്ക് 5 സീറ്റാണു ലഭിച്ചത്. ഇത്തവണ ഒറ്റയ്ക്കാണു മൽസരിക്കുന്നത്. 119 അംഗ നിയമസഭയിലേക്ക് ഡിസംബർ 7 നാണ് പോളിങ്.