റഫാൽ: ആക്രമണം കടുപ്പിച്ചു കോൺഗ്രസ്

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു ഫ്രാൻസിലെ തൊഴിലാളി സംഘടനകളുടെ പക്കലുള്ള രേഖകൾ, കേന്ദ്ര സർക്കാരിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നതായി കോൺഗ്രസ് ആരോപിച്ചു. 

ഓഫ്സെറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ നിർബന്ധമായി തിരഞ്ഞെടുക്കണമെന്ന ഉപാധി ഡാസോ ഏവിയേഷനു മുന്നിലുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുന്ന രേഖകൾ, കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനധികൃത ഇടപെടൽ വ്യക്തമാക്കുന്നതാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

ഫ്രാൻസിലെ തൊഴിലാളി സംഘടനകളായ സിഫ്ഡിടി, സിജിടി എന്നിവയുടെ പക്കലുള്ള രേഖകൾ കഴിഞ്ഞ ദിവസമാണു ‘പോർടെയ്‌ൽ ഏവിയേഷൻ’ എന്ന വെബ്സൈറ്റ് പുറത്തുവിട്ടത്. റിലയൻസുമായുള്ള നിർബന്ധിത പങ്കാളിത്തം സംബന്ധിച്ചു ഡാസോ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ലൊയ്ക് സെഗ്‌ലൻ പറയുന്നതിന്റെ വിശദാംശങ്ങളാണു രേഖയിലുള്ളത്. 

കേന്ദ്രത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനതലങ്ങളിലും റഫാൽ വിഷയം ഉന്നയിക്കാൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന ഘടകങ്ങൾക്കു നേരത്തേ നിർദേശം നൽകിയിരുന്നു.

എയ്റോ ഇന്ത്യയിലേക്കു റഫാൽ

ബെംഗളൂരുവിൽ അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ സാന്നിധ്യമറിയിക്കും. ഇന്ത്യയിൽ നടക്കുന്ന വ്യോമ പ്രദർശനത്തിൽ ഇതാദ്യമായാണ് റഫാൽ പങ്കെടുക്കുക. ഫെബ്രുവരി 20 മുതൽ 24 വരെ യെലഹങ്ക വ്യോമതാവളത്തിൽ നടക്കുന്ന പ്രദർശനത്തിനായി 3 വിമാനങ്ങൾ ഫ്രാൻസിൽ നിന്നെത്തിക്കും.