ട്രംപിന്റെ വിസമ്മതം 3 മാസം മാത്രം ശേഷിക്കെ; ഇന്ത്യയ്ക്ക് അതൃപ്തി

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ഓഗസ്റ്റിൽ നൽകിയ ക്ഷണത്തിന്, ചടങ്ങിനു 3 മാസത്തിൽ താഴെ മാത്രം ശേഷിക്കെ വിസമ്മതം അറിയിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ ഇന്ത്യ അതൃപ്തി അറിയിച്ചേക്കും. 

ഇതേസമയം, ട്രംപ് ഔദ്യോഗിക സമ്മതം അറിയിക്കുന്നതിനു മുൻപുതന്നെ ക്ഷണം പുറത്താക്കിയതിനെതിരെ മുൻ നയതന്ത്രജ്ഞരടക്കം രംഗത്തു വന്നിട്ടുമുണ്ട്.

ട്രംപിന്റെ യാത്രകാര്യങ്ങൾ വൈറ്റ് ഹൗസാണു വിശദീകരിക്കേണ്ടതെന്നാണ് ഇന്ത്യയിലെ യുഎസ് സ്ഥാനപതി കാര്യാലയം ഇന്നലെ പ്രതികരിച്ചത്. ട്രംപിന്റെ പിന്മാറ്റത്തോടെ, ചടങ്ങിൽ  ഇനി ആര് വിശിഷ്ടാതിഥിയാകും എന്ന ചോദ്യത്തിനും നയതന്ത്രമാനങ്ങൾ ഏറെയാണ്. 

യുഎസിനെ ചൊടിപ്പിക്കുന്നത്

∙ റഷ്യയിൽ നിന്ന് 39,000 കോടി രൂപയ്ക്ക് 5 എസ് 400 മിസൈൽ യൂണിറ്റുകൾ വാങ്ങാനുള്ള കരാർ.   ഉപരോധ നടപടികൾ ഇന്ത്യ ഉടനറിയുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ഡിസംബറിൽ യുഎസ് ഉപരോധം വരുമെന്നും ഇതൊഴിവാക്കാൻ പ്രതിരോധ മന്ത്രാലയം ഇടപെടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

∙ എണ്ണ കയറ്റുമതിയിൽ ഇറാന് എതിരായ യുഎസ് ഉപരോധത്തിൽ ഇന്ത്യയുടെ നിലപാട്. നവംബർ 4 നാണ് ഇറാന് എതിരായ യുഎസ് ഉപരോധം നിലവിൽ വരുന്നത്. ഇതേ കാലയളവിൽ തന്നെ ഇറാനിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുമെന്നു നിലപാട് വ്യക്തമാക്കിയിരുന്നു. 2 പൊതുമേഖലാ റിഫൈനറികൾ ഇതിനുള്ള ഓർഡർ നൽകുകയും ചെയ്തു. 

∙ ചൈനയ്ക്കു പിന്നാലെ ഇന്ത്യയും അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ നടപടിക്കു തുനിഞ്ഞത്. യുഎസിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം ചുമത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങളുടെ മേൽ അമേരിക്ക അധികനികുതി ചുമത്തിയതാണു തുടക്കം. ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്ന് ട്രംപ് ആക്ഷേപിക്കുന്നതിലേക്കു വരെയെത്തി കാര്യങ്ങൾ.