റഫാൽ: കേന്ദ്ര സർക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന കരാർ തുക അറിയിക്കാനുള്ള സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആക്രമണം കടുപ്പിച്ചു കോൺഗ്രസ്. തുക വെളിപ്പടുത്താൻ പാടില്ലെന്നു ഫ്രഞ്ച് സർക്കാരുമായി ധാരണയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. 

‌126 യുദ്ധവിമാനങ്ങൾക്കുള്ള വ്യോമസേനയുടെ ആവശ്യം കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നിലയിൽ 36 വിമാനങ്ങൾക്കുള്ള കരാറൊപ്പിട്ടതിൽ വ്യാപക ക്രമക്കേടുണ്ട്. വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച മോദി രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നു തിവാരി ആരോപിച്ചു. അഴിമതിയുടെ വള്ളത്തിൽ സർക്കാരിന് ഇനിയും തുഴഞ്ഞു നീങ്ങാനാവില്ലെന്നു പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. 

ഇതിനിടെ, റഫാൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിനു കോൺഗ്രസ് അണിയറ നീക്കം ശക്തമാക്കി. അഹമ്മദ് പട്ടേൽ മറ്റു കക്ഷികളുമായി നിരന്തര സമ്പർക്കത്തിലാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

റഫാൽ വിഷയത്തിൽ കോൺഗ്രസും ഇടതു കക്ഷികളും മാത്രമാണു നിലവിൽ സജീവമായി സമര രംഗത്തുള്ളത്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി കൈകോർത്തു സംയുക്ത പ്രക്ഷോഭം നടത്താനാണു കോൺഗ്രസ് ശ്രമം. ബിഎസ്പിയും കേന്ദ്രത്തിനെതിരായ സമരത്തിൽ അണിനിരക്കുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.