ബുലന്ദ്ശഹർ: വെടിയുതിർത്ത ജവാൻ ജയിലിൽ

ലക്നൗ ∙ ഉത്തർപ്രദേശിൽ ബുലന്ദ്ശഹർ സംഘർഷത്തിനിടയിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിനു നേരെ വെടിയുതിർത്തെന്നു കരുതപ്പെടുന്ന ജവാൻ ജിതേന്ദ്ര മാലിക്കിനെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും മാലിക്കിനെ ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയാണു സൈന്യം പ്രതിയെ പൊലീസിനു കൈമാറിയത്. 

ഈ മാസം മൂന്നിനാണ് ബുലന്ദ്ശഹറിൽ സുബോധ്കുമാർ സിങ്ങും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ടത്. സംഭവത്തിൽ കശ്മീരിൽ നിന്ന് അവധിക്കു വന്ന നാട്ടുകാരനായ ജവാൻ ജിതേന്ദ്ര മാലിക്കിനു പങ്കുണ്ടെന്ന് വിഡിയോ ദൃശ്യത്തിൽനിന്നു ബോധ്യമായ സാഹചര്യത്തിലാണ് പൊലീസ് അയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതിനിടെ, ബുലന്ദ്ശഹർ അഡീഷനൽ എസ്പിയായിരുന്ന റയീസ് അക്‌തറെ യുപി സർക്കാർ ഇന്നലെ ലക്നൗവിലേക്കു സ്ഥലം മാറ്റി. നേരത്തെ സീനിയർ സൂപ്രണ്ട് കെ.ബി. സിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.