ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ച ദമ്പതികൾക്ക് അന്ത്യാഞ്ജലി

ദമ്പതികൾ പൊള്ളലേറ്റു മരിച്ച, ചിട്ടി ഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയം സുരേഷിന്റെ വീട്ടിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു.

ചെറുതോണി ∙ അമ്പലപ്പുഴയിൽ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ച ഇടുക്കി കീരിത്തോട് കുമരംകുന്നേൽ വേണുവിനും ഭാര്യ സുധയ്ക്കും നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച രാത്രി ആലപ്പുഴ അമ്പലപ്പുഴയിലുള്ള ബി ആൻഡ് ബി ചിട്ടിയുടമ കൃഷ്ണാലയം സുരേഷിന്റെ വീട്ടിൽ വച്ചാണു ഇവർക്കു പൊള്ളലേറ്റത്.

ചിട്ടിപ്പണം വാങ്ങാനെത്തിയ ഇവരെ പെട്രോളൊഴിച്ചു തീകൊളുത്തിയെന്നാണു കേസ്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്നലെ വൈകിട്ടു കീരിത്തോടുള്ള സ്വവസതിയിൽ എത്തിച്ചു. വൻജനാവലിയും ജനപ്രതിനിധികളും അന്തിമോപചാരമർപ്പിക്കാനെത്തി. തുടർന്നു സംസ്കാരം നടത്തി. 

ചിട്ടിപിടിച്ച പണം കൊടുക്കാമെന്നു പറ‍ഞ്ഞു വേണുവിനെയും ഭാര്യയെയും ചിട്ടിക്കമ്പനിയുടമ അമ്പലപ്പുഴയിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. കടബാധ്യത മൂലം നട്ടം തിരിഞ്ഞിരുന്ന വേണുവിന്റെ അവസാന പ്രതീക്ഷയായിരുന്നു കിട്ടാനുണ്ടായിരുന്ന ചിട്ടിപ്പണം.

2013ൽ സുരേഷിന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞതോടെയാണു വേണു കടക്കെണിയിലാകുന്നത്. മകൻ നിതേഷിനു ഗൾഫിൽ ജോലി ശരിയായതു ആശ്വാസമായെങ്കിലും ഇതിനും നല്ലൊരു തുക കണ്ടെത്തേണ്ടി വന്നു. അമ്പലപ്പുഴയിലെ ചിട്ടിക്കമ്പനിയിലെ ഇടപാടുകളെപറ്റി ബന്ധുക്കൾക്കു വ്യക്തതയില്ല. 

കോട്ടയം മാന്നാനത്തുള്ള ബന്ധുവിന്റെ മകളുടെ വിവാഹത്തിനു പണം കൊടുക്കാമെന്നു വേണു ഏറ്റിരുന്നു. മൂവാറ്റുപുഴയിൽ സ്റ്റേഷനറി കട തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു വേണുവും കുടുംബവും. ഇതിനായി കട മുറിയും എടുത്തിരുന്നു. അവിടേയ്ക്കു പോകാനുള്ള ഒരുക്കത്തിനിടയിലാണ് ദുരന്തം.