ദമ്പതികളുടെ ആത്മഹത്യ: ചിട്ടി ഉടമ അറസ്റ്റിൽ

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ചിട്ടി ഉടമ സുരേഷ് കുമാർ.

അമ്പലപ്പുഴ ∙ ചിട്ടി ഉടമയുടെ വീട്ടുമുറ്റത്തു ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യയെന്നു സ്ഥിരീകരിച്ച പൊലീസ് ബി ആൻഡ് ബി ചിറ്റ്സ് ഉടമ സുരേഷ് കുമാറിനെ (സുരേഷ് ഭക്തവത്സലൻ) അറസ്റ്റ് ചെയ്തു. 

ചിട്ടി ഉടമ തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന ദമ്പതികളുടെ മരണമൊഴി സ്ഥിരീകരിക്കാൻ അനുബന്ധ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു സാക്ഷികളിൽനിന്നു ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചതെന്നു പൊലീസ് പറഞ്ഞു.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണു സുരേഷ് കുമാറിനെ സിഐ എം.വിശ്വംഭരനും എസ്ഐ എം.പ്രതീഷ് കുമാറും ചേർന്ന് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇടുക്കി കഞ്ഞിക്കുഴി കുമരംകുന്നേൽ കെ.കെ. വേണു (57), ഭാര്യ സുമ (52) എന്നിവരാണു ശനിയാഴ്ച സുരേഷിന്റെ വീട്ടിൽ പൊള്ളലേറ്റു മരിച്ചത്.

എന്നാൽ, ദമ്പതികൾ വീട്ടിലെത്തിയപ്പോൾ സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. ബന്ധുവിന്റെ മകളുടെ വിവാഹത്തിനു നൽകാനുള്ള സ്വർണം വാങ്ങാൻ സുരേഷ്കുമാർ തരാനുള്ള ചിട്ടിത്തുക വാങ്ങാനാണു ദമ്പതികൾ അമ്പലപ്പുഴയിലെത്തിയത്.

നിവൃത്തിയില്ലാത്തതിനാൽ സഹായിക്കണമെന്നു വേണുവും സുമയും പറഞ്ഞു. എന്നാൽ, കൂട്ടാക്കാതെ സുരേഷ് ബൈക്കിൽ പുറത്തേക്കു പോയത് ഇവരെ നിരാശരാക്കി. സുരേഷിന്റെ മകൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പണം കിട്ടില്ലെന്ന് ഉറപ്പായ വേണു കൈയിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ദേഹത്തും സുമയുടെ ശരീരത്തിലും ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ചു തീ കൊളുത്തുകയായിരുന്നു.

സുരേഷിന്റെ മകനും അയൽവാസികളും ചേർന്നു വെള്ളം ഒഴിച്ചെങ്കിലും മാരകമായി പൊള്ളലേറ്റു. മകൻ വിളിച്ചു പറഞ്ഞതു പ്രകാരം സുരേഷ് വീട്ടിലെത്തി. തൊട്ടുപിന്നാലെ എത്തിയ അമ്പലപ്പുഴ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സുരേഷും ഭാര്യയും മകനും ചേർന്നു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മരണമൊഴിയാണു പൊലീസിനെ കുഴക്കിയത്. സംഭവസമയത്തു സുരേഷ് നീർക്കുന്നത്തും ഭാര്യ വളഞ്ഞവഴിയിലുമായിരുന്നെന്നു മെ‌ാബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു.

വേണുവിന്റെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ഇയാൾക്കു 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കണ്ടെത്തി. ഇടുക്കിയിലെ അഞ്ചു ബാങ്കുകളിലും രണ്ടു വ്യക്തികൾക്കുമായാണ് ഇത്രയും പണം കൊടുക്കാനുള്ളത്. വീടും സ്ഥലവും കോടതി ഉത്തവു പ്രകാരം ജപ്തി ചെയ്തതായി പൊലീസ് കണ്ടെത്തി. 

ഐജി പി.വിജയൻ, ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്ക്, ഡിവൈഎസ്പി ഇ.എം.ഷാജഹാൻ, എസ്ഐ മോഹനൻ, എഎസ്ഐ ആനന്ദക്കുട്ടൻ, സിവിൽ പൊലീസ് ഓഫിസർമാരായ വേണു. അജയകുമാർ, വനിതാ പൊലീസുകാരായ ബിന്ദു, ലത എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.