Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർച്ചുഗലിന് ജയം; എട്ടടിച്ച് ബെൽജിയം

SOCCER-WORLDCUP-PRT-LVA/ റൊണാൾഡോ ഗോൾ നേടുന്നു

ബ്രസൽസ് ∙ ഒന്നിനു പിറകെ ഒന്നായി എട്ടു ഗോളുകൾ; കളി ഒന്നു തീർന്നുകിട്ടിയിരുന്നെങ്കിൽ എന്ന് എസ്തോണിയക്കാർ പ്രാർഥിച്ചിട്ടുണ്ടാകും! യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് എച്ച് മൽസരത്തിൽ ബെൽജിയം അവരെ തകർത്തുവിട്ടത് 8–1ന്. ഡ്രൈസ് മെർട്ടൻസും റോമേലു ലുക്കാക്കുവും ബെൽജിയത്തിനു വേണ്ടി ഇരട്ടഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോൾ നേടുകയും പെനൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്ത കളിയിൽ പോർച്ചുഗൽ ലാത്വിയയെ 4–1നു തോൽപിച്ചു. ഇന്നലത്തെ ഡബിൾ നേട്ടക്കാരിൽ ഹോളണ്ട് താരം മെംഫിസ് ഡീപേയുമുണ്ട്. ആര്യൻ റോബനും സ്കോർ ചെയ്തതോടെ ലക്സംബർഗിനെ ഹോളണ്ട് തോൽപിച്ചത് 3–1ന്. ഗാരെത് ബെയ്‌ലിന്റെ ഗോളിൽ ആദ്യ പകുതിയിൽ മുന്നിലെത്തിയെങ്കിലും അലക്സാണ്ടർ മിത്രോവിച്ചിന്റെ ഗോളിൽ സെർബിയ വെയ്ൽസിനെ 1–1 സമനിലയിൽ പിടിച്ചു.

ബ്രസൽസിൽ എസ്തോണിയയ്ക്കെതിരെ ആദ്യ ഇരുപത്തഞ്ചു മിനിറ്റിനുള്ളിൽത്തന്നെ ബെൽജിയം മൂന്നു ഗോളിനു മുന്നിലെത്തി. തൊട്ടു പിന്നാലെ ഒന്നു മടക്കിയതു മാത്രമേ എസ്തോണിയയ്ക്ക് ഓർമയുള്ളൂ. രണ്ടാം പകുതിയിൽ കൂട്ടക്കുരുതിയായിരുന്നു. ആറു മിനിറ്റിടെ മൂന്നു ഗോളുകൾ കൂടി വലയിൽ കയറി. അതിലൊന്ന് റാഗ്‌നർ ക്ലാവന്റെ സെൽഫ് ഗോളായിരുന്നു. കളിയുടെ അവസാന പത്തു മിനിറ്റുകൾ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എവർട്ടനു വേണ്ടി കളിക്കുന്ന റൊമേലു ലുക്കാക്കുവിനു സ്വന്തം. 83–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ലുക്കാക്കു 88–ാം മിനിറ്റിൽ ഗോൾ പട്ടിക പൂർത്തിയാക്കി. നാലു കളികളിൽനിന്ന് 12 പോയിന്റോടെ എച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.

ലാത്വിയയ്ക്കെതിരെ പോർച്ചുഗലിനു വേണ്ടി നിറഞ്ഞുകളിച്ചത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ആദ്യ പകുതിയിൽ പോർച്ചുഗലിനു കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച റൊണാൾഡോ രണ്ടാം പകുതിയിൽ വില്ലനായി. 59–ാം മിനിറ്റിൽ കിട്ടിയ കിക്ക് പോസ്റ്റിലിടിച്ചു മടങ്ങി. അർതുർസ് ജുസിൻസ് പിന്നാലെ ഗോൾ നേടുകയും ചെയ്തതോടെ പോർച്ചുഗലിനു പണി കിട്ടി എന്നു കരുതിയതാണ്.

എന്നാൽ രണ്ടു മിനിറ്റിനകം വില്യം കാർവാലോ പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. 85–ാം മിനിറ്റിൽ റൊണാൾഡോയുടെ വോളി ഗോളും ഇൻജുറി ടൈമിൽ ബ്രൂണോ ആൽവസിന്റെ ഗോളും വന്നതോടെ പോർച്ചുഗലിന്റെ ജയം സമ്പൂർണം. മറ്റു കളികളിൽ, ഗ്രീസും ബോസ്നിയയും 1–1 സമനിലയിൽ പിരിഞ്ഞു. ബൾഗേറിയ 1–0ന് ബെലാറസിനെ തോൽപിച്ചു. ഹംഗറി അൻഡോറയെ 4–0നു മുക്കി.

Your Rating: