ബിഎംഡബ്ല്യു കാർ ഇന്ന് വിതരണം

ഹൈദരാബാദ് ∙ റിയോ ഒളിംപിക്സിൽ വെള്ളി നേടിയ പി.വി.സിന്ധു, വെങ്കലം നേടിയ സാക്ഷി മാലിക്, നാലാം സ്ഥാനത്തെത്തിയ ജിംനാസ്റ്റിക് താരം ദിപ കർമാകർ, ബാഡ്മിന്റൻ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവർക്കു ബിഎംഡബ്ല്യു കാറുകൾ ഇന്നു വിതരണം ചെയ്യും. ഗോപീചന്ദ് ബാഡ്മിന്റൻ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ, റിയോയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ ഗുഡ്‌വിൽ അംബാസഡർ കൂടിയായിരുന്ന സച്ചിൻ തെൻഡുൽക്കറാണു കാറുകളുടെ താക്കോൽ നൽകുന്നത്. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർനാഥാണു താരങ്ങളുടെ സമ്മാനം സ്പോൺസർ ചെയ്തത്.