ബോൾട്ടിന്റെ ടീമിന് വിജയം

ഉസൈൻ ബോൾട്ട് (ചിത്രം കടപ്പാട്: റോയിട്ടേഴ്സ്)

മെൽബൺ ∙ ആദ്യ നിട്രോ അത്‌ലറ്റിക്സ് ടീം ടൂർണമെന്റിൽ ഉസൈൻ ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ബോൾട്ട് ഓൾ സ്റ്റാർസ് ടീമിനു വിജയം. 100 മീറ്റർ, 200 മീറ്റർ ലോക റെക്കോർഡ് ജേതാവായ ബോൾട്ടിന്റെ ടീമിന്റെ ജമൈക്ക, യുഎസ്എ, കെനിയ എന്നിവിടങ്ങളിലെ താരങ്ങൾ അണിനിരന്നപ്പോൾ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽനിന്നായിരുന്നു എതിരാളികൾ. അവസാന ഇനമായ 4–100 മീറ്റർ മിക്സ്ഡ് റിലേയിൽ ബോൾട്ട് ഓടി. രണ്ടു പുരുഷ താരങ്ങളും രണ്ടു വനിതാ താരങ്ങളുമായിരുന്നു ടീമിൽ. ബോൾട്ടിനൊപ്പം അസഫ പവലും പങ്കെടുത്തു. ബോൾട്ട് രണ്ടാം ലെഗിൽ ഓടി. റിലേയിൽ ജയിച്ചതോടെ നാലിനങ്ങളിൽ ഒന്നാമതെത്തിയ ബോൾട്ട് ടീമിന് 1080 പോയിന്റായി. മൊത്തം 12 ഇനങ്ങളിൽ മൂന്നെണ്ണം ജയിച്ച ഓസ്ട്രേലിയ 1050 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.