രാജിവച്ചത് വഖാറിന് നഷ്ടമായി

കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കുമെന്നറിഞ്ഞു രാജിവച്ചതുകൊണ്ടു മുൻ കോച്ച് വഖാർ യൂനിസിനു വൻ സാമ്പത്തിക നഷ്ടം. ബോർഡുമായുള്ള രണ്ടു വർഷകരാറിൽ നിന്നാണു വഖാർ സ്വമേധയാ പിൻമാറിയത്. ഏഷ്യാകപ്പിലും ലോകകപ്പ് ട്വന്റി20യിലും പാക്ക് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു കോച്ചിന്റെ സ്ഥാനത്തുനിന്നു പുറത്താക്കുമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

കരാർ പ്രകാരം മൂന്നു മാസത്തെ ശമ്പളം (ഏകദേശം 30 ലക്ഷത്തോളം രൂപ) ബോർഡ് നഷ്ടപരിഹാരമായി നൽകണമായിരുന്നു. എന്നാൽ ബോർഡിന്റെ പ്രഖ്യാപനം വരും മുൻപേ കോച്ച് സ്ഥാനം രാജിവയ്ക്കുകയാണെന്നു വഖാർ പ്രഖ്യാപിച്ചു. തുടർന്നു മൂന്നു മാസത്തെ ശമ്പളത്തിനായി ബോർഡിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം താൽപര്യപ്രകാരം സ്ഥാനം രാജിവയ്ക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും കരാറിലുണ്ടായിരുന്നു.

ഏഷ്യാകപ്പിലെയും ലോകകപ്പിലെയും മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വഖാർ തയാറാക്കിയ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നതിന്റെപേരിൽ ബോർഡും വഖാറും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ബോർഡിന്റെ നിലപാടിൽ വഖാർ ഏറെ നിരാശനായിരുന്നെങ്കിലും എടുത്തുചാട്ടം പാടില്ലെന്നു പലരും ഉപദേശിച്ചിരുന്നു. എന്നാൽ ബോർഡ് ഒഴിവാക്കുന്നതു നാണക്കേടായി കണ്ട വഖാർ രാജി പ്രഖ്യാപിച്ചു. ഇതു സാമ്പത്തികമായി വൻ നഷ്ടം വരുത്തിവച്ചു.