ഐപിഎല്ലിൽ കൂടുതൽ ഇംഗ്ലിഷ് താരങ്ങൾ: മോർഗൻ

കട്ടക്ക് ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ വരുംസീസണിൽ കൂടുതൽ ഇംഗ്ലിഷ് താരങ്ങൾ ഉണ്ടാകുമെന്നു ക്യാപ്റ്റൻ ഒയിൻ മോർഗൻ. രണ്ടാം ഏകദിനത്തിൽ ഇന്ത്യയോടു 15 റൺസിനു തോറ്റശേഷം സംസാരിക്കുകയായിരുന്നു മോർഗൻ. മത്സരത്തിൽ മോർഗൻ സെഞ്ചുറി നേടിയിരുന്നു. ഐപിഎല്ലിനു വരുമോ എന്ന ചോദ്യത്തിന് മോർഗന്റെ മറുപടി ഇങ്ങനെ: ‘‘യെസ്. ഞാൻ വരും. ഞാൻ മാത്രമല്ല, കൂടുതൽ ഇംഗ്ലിഷ് കളിക്കാർ ഇത്തവണ താരലേലത്തിലുണ്ടാകും..’’. ഇന്ത്യൻ സാഹചര്യങ്ങളോടു പരിചയപ്പെടാൻ ഐപിഎൽ പോലെ മറ്റൊരു അവസരമില്ലെന്നു മോർഗൻ പറഞ്ഞു. ‘‘കളിക്കാർക്കു പ്രതിഭയുണ്ട്, ഇനി വേണ്ടതു മത്സരപരിചയമാണ്’’.