പുഷ് അപ്പ് വേണ്ട; പാക്ക് താരങ്ങളോട് നേതാവ്

ഇസ്‌ലാമാബാദ് ∙ ക്രിക്കറ്റ് ഫീൽഡിൽ പുഷ്–അപ്പ് ആഘോഷം വേണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളോടു രാഷ്ട്രീയ നേതാവ്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നേതാവ് റാണ അഫ്സൽ ഖാനാണ് കളിക്കാരുടെ പുഷ്–അപ്പ് ആഘോഷത്തെ വിമർശിച്ചത്. ‘‘പുഷ്–അപ്പിനു പകരം പ്രാർഥനതന്നെ മതി. ഇത്തരത്തിലുള്ള ആഘോഷം പാക്കിസ്ഥാന്റെ പ്രതിച്ഛായയെ ബാധിക്കും.’’ – ഖാൻ പറഞ്ഞു. എന്നാൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്തെത്തി.

ആഘോഷം ഏതു രീതിയിൽ വേണമെന്നതു കളിക്കാരുടെ സ്വാതന്ത്ര്യമാണെന്നു ബോർഡ് എക്സിക്യൂട്ടീവ് സമിതി ചെയർമാൻ നജാം സേഥി പറഞ്ഞു. പുഷ്–അപ്പ് ആഘോഷം നിരോധിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘സെഞ്ചുറിയടിക്കുമ്പോൾ പാക്ക് താരങ്ങൾ നൂറുതവണ പുഷ്–അപ്പ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.’’ – സേഥി ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ട് പരമ്പരയ്ക്കു മുൻപു പാക്കിസ്ഥാൻ ആർമിയിൽനിന്നു കിട്ടിയ പരിശീലനം അനുസ്മരിച്ചാണു പാക്ക് താരങ്ങൾ പുഷ്–അപ്പ് ആഘോഷം വ്യാപകമാക്കിയത്. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മിസ്ബാ ഉൽ ഹഖ് ആണ് ഇത് ആദ്യം തുടങ്ങിയത്.