ക്രിക്കറ്റ്: എസ്ബിടി ക്വാർട്ടറിൽ

മുംബൈ ∙ ക്യാപ്റ്റനും ഐപിഎൽ താരവുമായ റൈഫി വിൻസന്റ് ഗോമസിന്റെ ഓൾറൗണ്ട് മികവിൽ ഒഎൻജിസിയെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് എസ്ബിടി ഡി.വൈ.പാട്ടീൽ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. 27 പന്തുകളിൽ നിന്നു 43 റൺസെടുത്ത റൈഫി ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഒഎൻജിസി 20 ഓവറിൽ ഒൻപതു വിക്കറ്റിന് 124 റൺസെടുത്തു. എസ്ബിടിക്കു വേണ്ടി അഭിഷേക് മോഹൻ മൂന്നു വിക്കറ്റും സന്ദീപ് വാരിയരും വിനൂപ് മനോഹറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്ബിടി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ 125 റൺസെടുത്തു വിജയിച്ചു. റൈഫി 43 റൺസെടുത്തു ടോപ് സ്കോററായി. അമിത് വർമ 37 റൺസുമായി പുറത്താകാതെ നിന്നു.