യുണൈറ്റഡ് പിന്നേം തോറ്റു!

റേസിങ് ജെങ്കിനെതിരെ അഞ്ചു ഗോളുകൾ നേടിയ ബിൽബാവോ താരം അർട്ടിസ് അദുരിസിന്റെ ആഹ്ലാദം.

ഇസ്തംബുൾ∙ ഒരു ബൈസിക്കിൾ കിക്ക്, ഒരു ഫ്രീകിക്ക്; തീർന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഥ! ഹോസെ മൗറീഞ്ഞോയ്ക്കു കീഴിൽ ഇതുവരെ ട്രാക്കിലാകാത്ത ചെമ്പട യൂറോപ്പ ലീഗിൽ തുർക്കി ക്ലബ് ഫെനർബാഷെയോട് 1–2നു തോറ്റു. രണ്ടാം മിനിറ്റിൽ തന്നെ മൂസ സോയുടെ തകർപ്പൻ ബൈസിക്കിൾ കിക്കിൽ തുർക്കി ക്ലബ് മുന്നിലെത്തി. 14–ാം മിനിറ്റിൽ ജെറെമെയ്ൻ ലെൻസിന്റെ ഫ്രീകിക്കിൽ അവർ ലീഡുയർത്തി. വെയ്ൻ റൂണിയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്. ലോക റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് പരുക്കേറ്റതും യുണൈറ്റഡിനു തിരിച്ചടി.

വ്യാഴാഴ്ച രാത്രി നടന്ന കളികളിൽ സെനിത്, അയാക്സ്, ഷക്തർ, ഷാൽക്കെ ടീമുകൾ നോക്കൗട്ട് റൗണ്ടിൽ കടന്നു. റേസിങ് ജെങ്കിനെതിരായ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ അത്‌ലറ്റിക് ബിൽബാവോ 5–3നു ജയിച്ചു. മൂന്നു പെനൽറ്റി അടക്കം എല്ലാ ഗോളുകളും സ്ട്രൈക്കർ അർട്ടിസ് അദുരിസിന്റെ ബൂട്ടിൽ നിന്ന്. യൂറോപ്പ ലീഗിലെ റെക്കോർഡ് ആണിത്.

അര ലക്ഷത്തോളം ആരാധകർക്കു മുന്നിൽ യുണൈറ്റഡിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ്ഫെനർബാഷെ പുറത്തെടുത്തത്. മൗറീഞ്ഞോ വന്ന ശേഷം ഇതുവരെ ശരിയാകാത്ത പ്രതിരോധത്തിലെ പിഴവുകൾ യുണൈറ്റഡ് ഈ കളിയിലും ആവർത്തിച്ചു. മുന്നേറ്റത്തിൽ റൂണിക്കും ഇബ്രാഹിമോവിച്ചും പന്തു തൊട്ടപ്പോഴെല്ലാം കാണികൾ കൂവുകയും ചെയ്തു. എ ഗ്രൂപ്പിൽ നാലു കളികൾ കഴിഞ്ഞപ്പോൾ ഫെനർബാഷെയ്ക്കും ഫെയനൂർദിനും ഒരു പോയിന്റ് പിന്നിലാണ് യുണൈറ്റഡ്. ചെൽസിയോട് 0–4ന് തോൽക്കുകയും ബൺലിയോട് ഗോളില്ലാ സമനില വഴങ്ങുകയും ചെയ്തതോടെ പ്രീമിയർ ലീഗിലും യുണൈറ്റഡിന്റെ നില പരുങ്ങലിലാണ്.