ഇംഗ്ലണ്ടിനെതിരെ യൂത്ത് ടെസ്റ്റ്: രോഹൻ, ഡാരിൽ, സിജോമോൻ ഇന്ത്യൻ ടീമിൽ

രോഹൻ എസ്. കുന്നുമ്മൽ, ഡാരിൽ ഫെറാറിയോ, സിജോമോൻ ജോസഫ്

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റിനുള്ള ഇന്ത്യ അണ്ടർ 19 ടീമിൽ മൂന്നു മലയാളികൾ. ബാറ്റ്സ്മാൻമാരായ കോഴിക്കോട്ടുകാരൻ രോഹൻ എസ്. കുന്നുമ്മൽ, കൊച്ചിയിൽ നിന്നുള്ള ഡാരിൽ ഫെറാറിയോ, കോട്ടയം സ്വദേശി ഇടംകയ്യൻ സ്പിന്നർ സിജോമോൻ ജോസഫ് എന്നിവരാണ് 15 അംഗ ടീമിൽ ഇടംനേടിയത്. ആദ്യമായാണു ദേശീയ ക്രിക്കറ്റ് ടീമിൽ ഒരേസമയം മൂന്നു മലയാളികളെത്തുന്നത്. രണ്ടു ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ജോണ്ടി സിദ്ദു നയിക്കും. നാലു ദിനം നീളുന്നതാണു ടെസ്റ്റ്. ഈ മാസം 13, 21 തീയതികളിൽ ആരംഭിക്കുന്ന ടെസ്റ്റിനു നാഗ്പുർ വേദിയാകും.

കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണു മൂവർക്കും ദേശീയ ടീമിലേക്കു വഴിയൊരുക്കിയത്. ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിൽ കഴിഞ്ഞ ഡിസംബറിൽ ഡൽഹിക്കെതിരെ 253 റൺസുമായി പുറത്താകാതെ നിന്ന രോഹൻ, കൂച്ച് ബിഹാറിൽ കേരള താരം കുറിക്കുന്ന ഏറ്റവുമുയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തം പേരിലെഴുതി. കഴിഞ്ഞ വർഷം വിനു മങ്കാദ് ട്രോഫിയിൽ ഗോവയ്ക്കെതിരെ 164 റൺസ് നേടിയും തിളങ്ങി. റെയിൽവേക്കെതിരെ ആലപ്പുഴയിൽ നടന്ന കൂച്ച് ബിഹാർ ട്രോഫിയിൽ ഫെറാറിയോ, സിജോമോൻ എന്നിവരുടെ മികവിൽ കേരളം ഇന്നിങ്സ് വിജയം സ്വന്തമാക്കിയിരുന്നു. അന്ന് ഫെറാറിയോ പുറത്താകാതെ 172 റൺസും ടീം നായകൻ സിജോമോൻ അഞ്ചു വിക്കറ്റും സ്വന്തമാക്കി.