കൊച്ചിക്കു പ്രിയപ്പെട്ട നാലു സൗഹൃദ ജോഡികളുടെ കഥ

നല്ല പളപ്പൻ ചങ്ക് ബ്രോസ്..! ഈ മനുഷ്യരുടെ, ആഴങ്ങളിലേക്കു നീണ്ടുപോകുന്ന ഹൃദയബന്ധത്തെക്കുറിച്ചു പുതിയ തലമുറയോടു പറയണമെങ്കിൽ ഭാഷയിലെ പുതുപദാവലികൾതന്നെ വേണ്ടിവരും. ജീവിതത്തിന്റെ പല വഴികളിൽ കണ്ടുമുട്ടി ഒപ്പം നടന്നവരാണിവർ; ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നവരും. ‘തനിക്കു പ്രിയപ്പെട്ടൊരാൾ’ എന്ന് ആദ്യകാഴ്ചയിൽതന്നെ പരസ്പരം ഹൃദയം കൊണ്ടറിഞ്ഞവർ. കാലത്തിനൊപ്പം അവരുടെ സൗഹൃദവും വളർന്നു വലുതായി.

ഇഷ്ടാക്ഷരങ്ങൾ കോർത്തു കോർത്ത്...

ഡോ. എം. ലീലാവതിയും പ്രഫ. രതി മേനോനും.


ലീലാവതിട്ടീച്ചറുമായുള്ള ബന്ധം ദശാബ്ദങ്ങൾ  പിന്നിടുന്നുവെങ്കിലും ടീച്ചറെ ഇപ്പോഴും ഗുരുസ്ഥാനത്തു നിർത്തുകയാണു പ്രഫ. രതി മേനോൻ.  ‘എന്റെ അമ്മ മഹാരാജാസിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായിരുന്നു. അമ്മയുടെ വിദ്യാർഥിനിയായിരുന്നു ടീച്ചർ. ഞാൻ എംഎക്കു മലയാളം പഠിക്കാനുള്ള  പ്രേരണയും ടീച്ചറായിരുന്നു.’  ആലുവ സെന്റ് സേവ്യേഴ്സിൽ നിന്നു വിരമിച്ച രതി മേനോൻ പറയുന്നു. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ ലീലാവതിട്ടീച്ചർക്കു മടിയില്ല. ജീവിതത്തിലും ടീച്ചർ പോരാളിയാണ്. അങ്ങനെയുള്ള ടീച്ചറെ ഒരിക്കൽ മാത്രമാണു തളർന്നുകണ്ടത്. ഭർത്താവ് സി.പി. മേനോന്റെ പെട്ടെന്നുള്ള മരണം ടീച്ചറെ തളർത്തി. നമുക്കൊക്കെ   സങ്കൽപിക്കാൻ പോലുമാകാത്ത ദൃഢബന്ധമായിരുന്നു  സാറും ടീച്ചറും തമ്മിലുണ്ടായത്. ദുഃഖം ആരോഗ്യത്തെ ബാധിക്കുമെന്നായപ്പോൾ ഞാൻ ടീച്ചർക്കൊപ്പം ഒരു മാസക്കാലം താമസിച്ചു.

എല്ലാ ഓണത്തിനും ഓണപ്പുടവ സമ്മാനമായി കിട്ടും. തിരികെ ടീച്ചർക്കു ഗുരുദക്ഷിണയായി ‘വാഗർഥ പ്രതിപത്തി’ എന്ന ഗ്രന്ഥമാണു പ്രഫ. രതി സമ്മാനിച്ചത്. ലീലാവതിയെക്കുറിച്ചുള്ള പ്രമുഖരുടെ ഓർമകളാണ് അതിൽ സമാഹരിച്ചത്. ‘ആ പുസ്തകം തയാറാക്കാൻ രതി ഏറെ ക്ലേശിച്ചിട്ടുണ്ട്’ - ലീലാവതിയുടെ വാക്കുകൾ.

ടീച്ചറുടെ ദൂരയാത്രകളിൽ പ്രഫ. രതി തുണ പോകാറുണ്ട്. ‘പബ്ലിക് ട്രാൻസ്പോർട്ടേ കഴിവതും ടീച്ചർ ഉപയോഗിക്കൂ. കാർ യാത്ര നിവൃത്തിയില്ലെങ്കിൽമാത്രം. ഒരാൾക്കു യാത്ര പോകാൻ കാർ അധികപ്പറ്റാണ്. കഴിഞ്ഞയാഴ്ച തൃശൂരിൽ സാഹിത്യ അക്കാദമിയിലേക്കു പോയതു ട്രെയിനിൽ ലോക്കൽ കംപാർട്മെന്റിൽ. മടക്കയാത്ര കെഎസ്ആർടിസി ബസിലും. 90 അടുക്കുന്ന ആളാണെന്നോർക്കണം.’

ആ പടങ്ങൾ കണ്ടു കൂട്ടായി...

പ്രഫ. സി.ആർ. ഓമനക്കുട്ടനും കെ.ജി. ജോർജും.


എ പടങ്ങൾ മാത്രം കളിച്ചിരുന്ന തിയറ്ററായിരുന്നു കോട്ടയത്തെ രാജ്മഹൽ. (ഇന്നില്ല). ശനിയും ഞായറും എയില്ല, പകരം ലോകസിനിമയിലെ മികച്ച ക്ലാസിക്കുകൾ കാണിക്കും.  ഒരു തിരുവല്ലാക്കാരൻ യുവാവ് ക്ലാസിക്കുകൾ കാണാൻ ആവേശഭരിതനായെത്തും. കളിക്കുന്ന സിനിമയുടെ കഥാസാരം നോട്ടിസിൽ തിയറ്ററിനു പുറത്തുവച്ചിരിക്കും. നോട്ടിസ് എന്നതിനപ്പുറം ലോകസിനിമയെക്കുറിച്ചുള്ള ശ്രദ്ധേമായ നിരീക്ഷണങ്ങൾകൂടി അതിലടങ്ങിയിരുന്നു.  യുവാവ് അതെടുത്ത് ഒന്നുരണ്ടുവട്ടം സൂക്ഷ്മമായി വായിക്കും. പിന്നെ ഭദ്രമായി പോക്കറ്റിൽ മടക്കിവയ്ക്കും. ഈ കാഴ്ച കണ്ടുനിന്ന സി.ആർ. ഓമനക്കുട്ടനെന്ന കോട്ടയംയുവാവു തിരുവല്ലായുവാവിനെ ചെന്നു പരിചയപ്പെട്ടു. തിരുവല്ലാക്കാരൻ പറഞ്ഞു, ഞാൻ കെ.ജി. ജോർജ്, സിനിമയാണു പാഷൻ ! കോട്ടയംകാരൻ പറഞ്ഞു, ഞാൻ ഓമനക്കുട്ടൻ, സാഹിത്യവും സിനിമയുമാണിഷ്ടം.

‘അരവിന്ദനും സുബർണരേഖ ഫിലിംസൊസൈറ്റിയുമൊക്കെ സജീവമായിരുന്ന കാലമാണത്.’ ഓമനക്കുട്ടൻ ഓർമയിൽ മുങ്ങിത്തപ്പി. ഒരു ദിവസം ജോൺ ഏബ്രഹാം, ജോർജിനെയും കൂട്ടിവന്ന് ഒരു പ്രഖ്യാപനം: ‘എനിക്കുശേഷം തിരുവല്ലായിൽ നിന്നു സിനിമയിലേക്കു  ജ്ഞാനസ്നാനം ചെയ്യപ്പെട്ടവൻ !’ കാലം പോകവേ ജോർജ് ചലച്ചിത്രകാരനും ഓമനക്കുട്ടൻ എഴുത്തുകാരനും അധ്യാപകനുമായി. കൊച്ചിയിൽ താമസമായപ്പോൾ ഇരുവരും ഇടയ്ക്കു കണ്ടുമുട്ടും.  ഓർമകൾ പറഞ്ഞുചിരിക്കും. ഒരു ദിവസം ഓമനക്കുട്ടൻ ഒരാളെ ജോർജിനു പരിചയപ്പെടുത്തി : ‘ഇത് എം.കെ. മാധവൻ നായർ സാർ, ഭാഷാപോഷിണി പത്രാധിപസമിതി അംഗവും  സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തകനുമാണ്. മാധവൻ സാറാണു രാജ്മഹലിൽ വച്ചിരുന്ന നോട്ടിസുകൾ തയാറാക്കിയിരുന്നത്.

മാധവൻ നായരുടെ കരങ്ങൾ കൂട്ടിപ്പിടിച്ചു ജോർജ് പറഞ്ഞു, ആ നോട്ടിസുകൾ ഞാനിപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് സാർ. എന്നെ ചലച്ചിത്രകാരനാക്കിയതിൽ അതിനു വലിയ പങ്കുണ്ട്. ഈയിടെ ഓമനക്കുട്ടൻ ചില സിനിമകളിൽ അഭിനയിച്ചുവെന്നറിഞ്ഞപ്പോൾ ജോർജ് ചോദിച്ചു, നിനക്ക് ഇത്ര അഭിനയ മോഹമുണ്ടായിരുന്നെങ്കിൽ എന്നെ വന്നു കാണാതിരുന്നതെന്തേ.. ?  ‘ഓ,  അതോ അത് അമലിന്റെ (സി.ആർ. ഓമനക്കുട്ടന്റെ മകനാണു പ്രമുഖ സംവിധായകനായ അമൽ നീരദ്.) നിർബന്ധം കൊണ്ടല്ലേ. ‘അല്ല ഞാൻ വന്നിരുന്നെങ്കിൽ നീയെന്നെ നായകനാക്കുമായിരുന്നോ?’
‘നിന്നെയോ? ഒന്നു പോടാ..! ’

ഒരു കാൻവാസ്, രണ്ടു നിറങ്ങൾ...

റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും


ഞാൻ അങ്കമാലിക്കാരനും റിയാസ് തൃശൂരുമാണ്. പക്ഷേ, ഞങ്ങൾ കണ്ടുമുട്ടിയതു മുംബൈയിൽ വച്ച്. 1992ൽ. കൊച്ചി - മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനായ റിയാസ് കോമുവിനെപ്പറ്റി ബോസ് കൃഷ്ണമാചാരിയുടെ വാക്കുകൾ.  ജെജെ സ്കൂൾ ഓഫ് ആർട്സ് അധികൃതരുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് എനിക്കു കോളജിൽ നിന്നു പുറത്തുപോകേണ്ടിവന്നു. ഒരു സ്റ്റുഡിയോ ഒരുക്കി വര തുടങ്ങി. അപ്പോഴാണ് അവന്റെ വരവ്.

‘റിയ’ എന്നാണു  വിളിക്കാറ്. എന്നേക്കാൾ 10 വയസ് ഇളയതാണ്. എങ്കിലും ‘ബോസുച്ചേട്ടൻ’ എന്നൊന്നും വിളിച്ചിട്ടില്ല. എന്നെ കാണാൻ വരുമ്പോൾ കക്ഷത്തിൽ ചില മലയാളം വാരികകളൊക്കെ കാണാം. പരന്ന വായനയാണ്. നല്ല ചിന്തകളുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ഒത്തുചേർന്നു ഞങ്ങൾ ഒരുപാടു വരച്ചു വളർന്നു. രാധികയെ കാണിച്ചുതന്ന് അവളെ വിവാഹം ചെയ്തുകൂടെ എന്നു ചോദിക്കുന്നതു റിയയാണ്. കലയോടുള്ള തീവ്രമായ സമർപ്പണമാണ് അവനെ ലോകമറിയുന്ന ഒരാളാക്കിയത്. ‘2000 രൂപയുമായാണു ബോസ് ആദ്യമായി മുംബൈയിലെത്തുന്നത്. ഈ പണം എത്രനാൾ കൂടെയുണ്ടാകും? റിയാസിന്റെ ചോദ്യം.

‘അന്ധേരിക്കടുത്തു സാക്കിനാക്ക എന്ന സ്ഥലത്തായിരുന്നു അവന്റെ ജീവിതം. അവിടെ മേള എന്നൊരു റസ്റ്ററന്റിൽ കഴിക്കാനെത്തുന്നവരുടെ സ്കെച്ച് വരച്ചാൽ 10 രൂപ പ്രതിഫലം. അഞ്ചുരൂപ ഹോട്ടലിനു കൊടുക്കണം. വേഗത്തിൽ വരച്ചു ദിവസം അവൻ 200 രൂപയൊക്കെ സമ്പാദിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പരം ആഴത്തിൽ അറിഞ്ഞാണ് മുന്നേറിയത്.  മുംബൈയാണു കലയും ജീവിതവും സ്വപ്നങ്ങളും നൽകിയത്.  ജീവിതാനുഭങ്ങളുടെ തീവ്രതയാണു ബിനാലെയെന്ന വലിയ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചത്.

ഈണം വരികളോടു പറഞ്ഞത്...

ടി.എസ്. രാധാകൃഷ്ണനും ആർ.കെ. ദാമോദരനും.


‘എഴുപതുകളുടെ ആദ്യപകുതി. മഹാരാജാസിലെ ഡിഗ്രിക്കാരാണു ഞങ്ങൾ. ഞാൻ മലയാളം, രാധാകൃഷ്ണൻ ഫിലോസഫി. ടിഎസ് ഇന്നത്തെപ്പോലെ കുറിയും ജുബ്ബയൊന്നുമല്ല, ഫ്രീക്കൻ. ജീൻസും ബെൽബോട്ടം പാന്റ്സും വെസ്റ്റേൺ പാട്ടുമൊക്കെയായി നടക്കുകയാണ്. ‘രവിവർമചിത്രത്തിൻ രതിഭാവമേ’ എന്ന എന്റെ പാട്ട് അപ്പോഴാണു പുറത്തുവരുന്നത്. ഒരു ദിവസം എറണാകുളത്തമ്പലത്തിന്റെ മുന്നിൽവച്ച് ആർകേയെന്നൊരു വിളി. വിളിച്ചത് ടിഎസ്. അതായിരുന്നു സൗഹൃദത്തിന്റെ തുടക്കം- ദാമോദരൻ പറയുന്നു.

‘ആർകെയുമായി ചേർന്ന് ഏതാനും പാട്ടുകൾ ചെയ്യണമെന്ന് അന്നു തീരുമാനിച്ചു. കൊച്ചിയിലന്നു റെക്കോർഡിങ് സ്റ്റുഡിയോയില്ല. സിഎസിയിൽ ചെന്നു റെക്സ് ഐസക് മാസ്റ്ററോടു സങ്കടം പറഞ്ഞു. സിഎസിയിലെ രണ്ടു മുറി ചാക്കിട്ടുമൂടി സ്റ്റുഡിയോ പരുവത്തിലാക്കി പാട്ടു റെക്കോർഡ് ചെയ്തു. ആൽബം: ഹരിശ്രീ പ്രസാദം.  ‘ചന്ദ്രക്കലപൂചൂടി സ്വർണ മണിനാഗമാല ചാർത്തി ആറാട്ടുകടവിൽ നിന്നെഴുന്നുള്ളും ഭഗവാനെൻ ആത്മപ്രണാമം, പ്രണാമം.’എന്ന എറണാകുളത്തപ്പനെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് ഹിറ്റായി.

‘സെന്റ് തെരേസാസിനുവേണ്ടി എഴുതിയ പാട്ടിന്റെ കഥ ടിഎസ് മറന്നോ?’ ഇതിനിടയിൽ ആർകെയുടെ ചോദ്യം. ‘ഇന്നു യൂണിവേഴ്സിറ്റി കലോത്സവത്തിനു മഹാരാജാസും സെന്റ് തെരേസാസുമാണു മത്സരം. അന്നു പക്ഷേ, മൽസരത്തിനു പോകാൻ മഹാരാജാസുകാർക്കു പണമില്ല. ഗ്രൂപ്പ് സോങ്ങിനു തെരേസാസിന് ഒരു പാട്ടു വേണമെന്നറിഞ്ഞു. പ്രിൻസിപ്പൽ സിസ്റ്ററെ പോയിക്കണ്ടു. ‘വെള്ള കീറണ മാത്തു പെണ്ണേ..’എന്ന ‍ഞങ്ങളുടെ പാട്ട് സിസ്റ്ററിനിഷ്ടമായി. മഹാരാജാസിലെ വിദ്യാർഥികളായ ഞങ്ങൾ സെന്റ് തെരേസാസിലെ പെൺകുട്ടികളെ പാട്ടുപഠിപ്പിച്ചു കലോത്സവത്തിനു ഫസ്റ്റ് വാങ്ങിക്കൊടുത്തു. ഇരുവരും ചേർന്ന് ഇതുവരെ ഇറക്കിയത് എഴുപതിലേറെ ഭക്തിഗാന കസെറ്റുകൾ. തരംഗിണിക്കുവേണ്ടി ചെയ്ത പമ്പാഗണപതി മാത്രം ഏഴു പതിപ്പുകളിറങ്ങി.