ജീവിതം തന്നെ ഗാന്ധി

വി. കല്യാണം ചെന്നൈയിലെ വീട്ടിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് അരികിൽ. ചിത്രം: വിബി ജോബ് ∙ മനോരമ

തേനാംപട്ടിലെ മഹാകവി ഭാരതി ദാസൻ റോഡിലെ നാലു നിലക്കെട്ടിടമായ സരസ്വതി എൻക്ലേവ് ഒറ്റനോട്ടത്തിൽ ഒരു ഗാന്ധിയനാണ്. സംഘർഷങ്ങളുടെ ലോകത്ത് അഹിംസയെന്ന പോലെ, നഗരത്തിരക്കിനിടയിലും ഗ്രാമവിശുദ്ധിയോടെ അതു വേറിട്ടു നിൽക്കുന്നു. ചെടികളും പൂക്കളും നിറഞ്ഞുനിൽക്കുന്ന മുറ്റത്തിന് ആശ്രമ ഭാവം. ഗാന്ധിജിയും നെഹ്റുവും പട്ടേലും തുടങ്ങി എപിജെ അബ്ദുൽ കലാം വരെ ചരിത്രം ചിത്രങ്ങളായി നിറയുന്ന, കെട്ടിടത്തിന്റെ മൂന്നാം നിലയിലാണു വി.കല്യാണത്തിന്റെ താമസം. ജീവിതത്തിന്റെ അവസാന നാലു വർഷങ്ങൾ ഗാന്ധിജിയുടെ നിഴലായി കൂടെ നടന്ന, വെടിയേൽക്കുമ്പോൾ ആറിഞ്ച് അകലത്തുണ്ടായിരുന്ന, ഇന്ത്യയുടെ സൂര്യൻ അസ്തമിച്ച ദുഃഖവാർത്ത നെഹ്റുവിനെയും പട്ടേലിനെയും ആദ്യമായി അറിയിച്ച വെങ്കട്ടറാവു കല്യാണം-ഗാന്ധിജിയുടെ പഴ്സനൽ സെക്രട്ടറി. തൊണ്ണൂറ്റിയാറു വയസ്സിന്റെ ഭാരം, നടുവിനു ചെറിയ വളവ് സമ്മാനിച്ചിട്ടുണ്ട്. ഊന്നുവടിയായി ഗാന്ധി മാർഗം കൂടെയുള്ളതിനാൽ ചുവടുകളും നിലപാടുകളും നിവർന്നുതന്നെ നിൽക്കുന്നു.

കടൽത്തീരത്തെ നിയോഗം

നാടൻ സായ്പായാണു കല്യാണം വളർന്നത്. കുടുംബ വേരുകൾ തഞ്ചാവൂരിലാണെങ്കിലും ബ്രിട്ടിഷ് സർക്കാരിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛനൊപ്പം ഷിംലയിലും ഡൽഹിയിലുമായി കുട്ടിക്കാലവും പഠനവും. ഇരുപതാം വയസ്സിൽ, ക്വിറ്റ്ഇന്ത്യാ സമരകാലത്ത് ലഘുലേഖകൾ വിതരണം ചെയ്തതിനു രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലായി. ലഹോർ ജയിലിൽ ഏഴു മാസത്തെ ശിക്ഷയ്ക്കു ശേഷം മോചനം. അധികം വൈകാതെ ബ്രിട്ടിഷ് സർക്കാരിൽ ജോലി.

കസേര ജോലിയിൽ ഇരിപ്പുറയ്ക്കാതെ വൈകുന്നേരങ്ങളിൽ പരിസരശുചീകരണം ഉൾപ്പടെയുള്ള സേവന പ്രവർത്തനങ്ങളിലേർപ്പെട്ടു. ഇത് ശ്രദ്ധയിൽപെട്ട, ഗാന്ധിജിയുടെ മകൻ ദേവദാസ് വഴിയാണ് 1944ൽ വാർധയിലെ സേവാഗ്രാമത്തിലെത്തുന്നത്.

കല്യാണമെത്തുമ്പോൾ ഗാന്ധി ക്വിറ്റ്ഇന്ത്യാ സമരത്തിന്റെ ഭാഗമായി ആഗാഖാൻ പാലസിൽ തടവിലാണ്. രണ്ടുമാസത്തേക്കു ജോലിയിൽ നിന്ന് അവധിയെടുത്താണ് ആശ്രമ വാസത്തിനിറങ്ങിയത്. ഇതിനിടെ, അനാരോഗ്യം കണക്കിലെടുത്ത് ഗാന്ധിജിയെ മോചിപ്പിച്ചു. മുംബൈയിൽ ജുഹുവിലെ ശാന്തികുമാർ ദേശായിയുടെ വീട്ടിലേക്കാണു ഗാന്ധിജി പോയത്. സേവാഗ്രാമത്തിൽ നിന്നു കാണാൻചെന്നവരുടെ കൂട്ടത്തിൽ കല്യാണവുമുണ്ടായിരുന്നു. ആ കടൽത്തീര നഗരത്തിൽ വച്ച്, വിസ്മയങ്ങളുടെ സമുദ്രമായ മഹാത്മാവിനെ കല്യാണം ആദ്യമായി കണ്ടു. ദേവദാസ് പറഞ്ഞുവിട്ടതാണെന്ന് അറിയിപ്പോൾ ആദ്യ ചോദ്യം: ടൈപ്പ് ചെയ്യാൻ അറിയുമോ?. തലയാട്ടി. ഇപ്പോൾ എന്ത് ശമ്പളമുണ്ട്: 200 രൂപ. നിഷ്കളങ്കമായി ചിരിച്ച് ഗാന്ധിജി പറഞ്ഞു: ‘എനിക്ക് 60 രൂപയിൽ കുടുതൽ തരാനാകില്ല.’ തന്റെ ജീവിതം ഈ മനുഷ്യനൊപ്പമെന്നു കല്യാണം അതിനു മുൻപേ മനസ്സിലുറച്ചിരുന്നു. പിന്നീട് പ്യാരേലാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം ഗാന്ധിജിയുടെ നിഴലായി, കല്യാണവും.

ഗാന്ധിയുടെ കണ്ണും കാതും

നിയോഗം പോലെയുണ്ടായ മറ്റൊരു സംഭവം കല്യാണത്തെ ഗാന്ധിജിയുടെ ഏറ്റവും അടുത്ത വലയത്തിലെത്തിച്ചു; പഴ്സനൽ സെക്രട്ടറി മഹാദേവ് ദേശായിയുടെ മരണം. പിന്നീട് ഗാന്ധിജിയുടെ എഴുത്തുകൾ ടൈപ്പ് ചെയ്യുന്നതും പത്രവാർത്തകൾ വായിച്ചു കേൾപ്പിക്കുന്നതും കല്യാണത്തിന്റ ചുമതലയായി. കല്യാണത്തിലെ കുഞ്ഞു സായ്പ് ഇതിനകം പൂർണ ഗാന്ധിയനായി മാറിയിരുന്നു. ബ്രാൻഡഡ് വസ്ത്രങ്ങൾ ഉപേക്ഷിച്ച് ഖദർ ധരിച്ചു. ചായയും കാപ്പിയും പൂർണമായി ഒഴിവാക്കി. ചൂടുവെള്ളത്തിൽ തേനും നാരങ്ങാനീരുമെന്ന ഗാന്ധിയൻ രീതി പിൻതുടർന്നു. തൊണ്ണൂറ്റിയാറാം വയസ്സിലും രോഗങ്ങളോടു കൃത്യമായ അകലം പാലിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല.

ജീവിതം തന്നെ സന്ദേശം

ഗാന്ധിജിയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ കല്യാണം ആദ്യമായി കടലുകാണുന്ന കൊച്ചുകുട്ടി പോലെയാകും. കണ്ണുകളിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആദരം, വിസ്മയം. രണ്ടായിരം വർഷത്തിൽ അങ്ങനെയൊരു മനുഷ്യൻ പിറക്കില്ലെന്നു കല്യാണം പറയുമ്പോൾ അതിനു സാക്ഷിപറയാൻ അനുഭവങ്ങളുണ്ട്.

ഗാന്ധിജിയിൽ നിന്ന് എന്തെല്ലാം പഠിച്ചുവെന്നു കല്യണം പറയില്ല. ഓരോ അനുഭവങ്ങൾ പറയുമ്പോൾ പക്ഷേ, അതിലെ പാഠങ്ങൾ പകൽപോലെ തെളിയും. സത്യസന്ധതയെക്കുറിച്ച് പറയുമ്പോൾ ഒരു ട്രെയിൻ യാത്രയാണ് ഓർമ വരിക. സാധാരണ യാത്രയിൽ കല്യാണമുൾപ്പെടെ സംഘത്തിലെ എല്ലാവരുടെയും ടിക്കറ്റ് ഗാന്ധിജി മുൻകൂട്ടി ബുക്ക് ചെയ്യും. ഒരിക്കൽ ഇറങ്ങാനുള്ള സ്ഥലത്തെത്തിയപ്പോൾ ഗാന്ധിജി കല്യാണത്തോട് ചോദിച്ചു- ടിക്കറ്റെടുത്തിട്ടുണ്ടോ?. ഇല്ല. ഉടൻ സ്റ്റേഷൻ മാനേജരെ വിളിക്കാനായി ഉത്തരവ്. സ്റ്റേഷൻ മാസ്റ്ററെത്തിയപ്പോൾ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു കല്യാണത്തിനെ ശിക്ഷിക്കണമെന്നായിരുന്നു നിർദേശം. നടപടിയെടുക്കാൻ മടിച്ചു നിന്ന സ്റ്റേഷൻ മാസ്റ്ററെയും ഗാന്ധിജി വിരട്ടിയെന്നു കല്യാണം.

ചരിത്രത്തിലേക്കൊരു ചെക്ക്

ജീവിതം ധന്യമാക്കുന്ന ഗാന്ധി മാർഗം കഴിഞ്ഞാൽ, മഹാത്മാവിന്റെ പ്രിയപ്പെട്ട ഓർമയായി കല്യാണത്തിന്റെ കയ്യിലുള്ളത് 35 രൂപയുടെ ഒരു ചെക്കാണ്. അതിനു പിന്നിലുമുണ്ടൊരു കഥ. ഡൽഹിയിലെ യാത്രയിലൊന്നിൽ പരിചയക്കാരിലൊരാൾ വന്ന് ഒരാവശ്യം പറഞ്ഞു. ഗാന്ധിജി കല്യാണത്തിന്റെ കീശയിലുണ്ടായിരുന്ന 35 രൂപയെടുത്ത് അദ്ദേഹത്തിനു നൽകി. ഈ കടം വീട്ടുന്നതിനായാണു 35 രൂപയുടെ ചെക്ക് ഗാന്ധിജി കൊല്ലപ്പെടുന്നതിനു പത്തുദിവസം മുൻപ് നൽകിയത്. ഗാന്ധിജി മരിക്കുന്നതിനു തൊട്ടു തലേന്നാണ് അതു അക്കൗണ്ടിലേക്കു കയറേണ്ടിയിരുന്നത്. അതിന്റെ നിയോഗം പക്ഷേ, മറ്റൊന്നായിരുന്നു. ബാങ്കുകാരിൽ നിന്നു വാങ്ങിയ ആ ചെക്ക് മൂല്യമളക്കാനാകാത്ത നിധി പോലെ കല്യാണം കാത്തുസൂക്ഷിക്കുന്നു.

മഹാത്മാവിന്റെ നിരാശകൾ

കണ്ണിലെണ്ണയൊഴിച്ച് വളർത്തി വലുതാക്കിയ മകൻ കൺമുന്നിൽ വഴിതെറ്റി പോകുന്ന പിതാവിന്റെ ആകുലത അവസാനകാലത്ത് ഗാന്ധിജിയെ വേട്ടയാടിയിരുന്നുവെന്നു കല്യാണം പറയുന്നു. ഇന്ത്യ-പാക്ക് വിഭജനവും രാജ്യമാകെ കാട്ടുതീ പോലെ പടർന്ന ഹിന്ദു-മുസ്‌ലിം കലാപങ്ങളും അദ്ദേഹത്തെ നിരാശനാക്കി. ജിന്നയെ പ്രധാനമന്ത്രിയാക്കി വിഭജനമൊഴിവാക്കുക എന്ന നിർദേശം പോലും അദ്ദേഹം മുന്നോട്ടുവച്ചു. വിഭജനവുമായി ബന്ധപ്പെട്ട്, പ്രിയപ്പെട്ട ശിഷ്യരായ നെഹ്റുവും പട്ടേലും പോലും തന്റെ വാക്കുകൾ തള്ളിയപ്പോൾ അദ്ദേഹം വിലപിച്ചു: ‘ഈ സംഭവിക്കുന്നതിനൊന്നും ഞാൻ ഉത്തരവാദിയല്ല.’ സ്വാതന്ത്ര്യ പുലരിയിൽ നവഖാലിയിൽ സമാധാന ദൂതുമായി അലഞ്ഞ ഗാന്ധി, ആഘോഷത്തെക്കുറിച്ചു ചോദിച്ചവരോടു പറഞ്ഞു: ‘എന്റെ രാജ്യം കത്തിയെരിയുമ്പോൾ ഞാനെങ്ങിനെ സ്വാതന്ത്യ്രമാഘോഷിക്കും.’

ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച്, ദിവസവും നൂറു കണക്കിനു കത്തുകളാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. ഇതു ഗാന്ധിജിയെ അങ്ങേയറ്റം അസ്വസ്ഥനാക്കി. കല്യാണം ഉറപ്പിച്ചു പറയുന്നു: ‘ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ 1948ൽ അദ്ദേഹം ഇന്ത്യയിൽ മറ്റൊരു വിപ്ലവം നയിക്കുമായിരുന്നു.’

നക്ഷത്രങ്ങൾ ശപിച്ച ദിനം

ജനുവരി 30 വെള്ളിയാഴ്ച ബിർള ഹൗസിൽ സാധാരണ ദിവസമായിരുന്നു. എല്ലാവരും 3.30ന് ഉണർന്നു. പതിവുപോലെ സർവമത പ്രാർഥന. പിന്നീട് സന്ദർശകരുടെ തിരക്ക്. ഇതിനിടെ, ഗാന്ധിജി കല്യാണത്തിനെ അടുത്ത ജോലി ഏൽപിച്ചിരുന്നു; ഫെബ്രുവരി രണ്ടു മുതൽ പത്തു ദിവസം നീളുന്ന സേവാ ഗ്രാമ സന്ദർശനം ആസൂത്രണം ചെയ്യൽ. വിധിക്കു പക്ഷേ, മറ്റു പദ്ധതികളുണ്ടായിരുന്നു.

തിരക്കിട്ട കൂടിക്കാഴ്ചകളിലൊന്ന് ലൈഫ് മാഗസിന്റെ മാർഗരറ്റ് ബുർകെ വൈറ്റുമായുള്ള അഭിമുഖമായിരുന്നു. സംഭാഷണത്തിനിടെ ഗാന്ധിജി നൽകിയ ഒരു ഉത്തരത്തിനു പ്രവചന സ്വഭാവമുണ്ടായിരുന്നു. ‘125 വയസ്സുവരെ ജീവിക്കുമെന്നു ഇടയ്ക്കിടെ ആവർത്തിക്കുന്ന പ്രതീക്ഷ എവിടെ നിന്നു ലഭിക്കുന്നുവെന്നായിരുന്നു ചോദ്യം. വാക്കിലും മുഖത്തും നിറയുന്ന ദുഖ ഭാവത്തോടെ ഗാന്ധി മറുപടി നൽകി- ക്രൂര സംഭവങ്ങൾ അരങ്ങേറുന്ന ഈ ലോകത്ത്, ഈ ഇരുട്ടിൽ അധികകാലം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’. ഗാന്ധിജി ഇതു പറയുമ്പോൾ കിലോ മീറ്ററുകൾക്കപ്പുറം ഗോഡ്സെയും സംഘവും കൊലപാതകത്തിന്റെ അവസാനവട്ട ആസൂത്രണത്തിലായിരുന്നു.

നാലു മണിയോടെ ഗാന്ധി ജീവിതത്തിലെ അവസാന ദൗത്യം തുടങ്ങി. നെഹ്റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത വാർത്തകളിലും പൊതു ചർച്ചകളിലും നിറയാൻ തുടങ്ങിയിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഘടികാര സൂചി തോറ്റുപോകുന്ന കൃത്യനിഷ്ഠ പാലിക്കുന്ന ഗാന്ധിജിക്കു ജീവിതത്തിലെ അവസാന ദിവസം അതു തെറ്റി. അഞ്ചു മണിയായിരുന്നു പ്രാർഥനാ യോഗത്തിന്റെ സമയം. പട്ടേലുമായുള്ള ചർച്ച സമയം കഴിഞ്ഞും നീണ്ടും. പട്ടേലിന്റെ മകൾ മണിബെൻ 5.10ന് സമയം ഓർമിപ്പിച്ചു. തിടുക്കത്തിൽ എഴുന്നേറ്റ ഗാന്ധി അഞ്ചു മിനിറ്റിനകം പുറത്തെ പ്രാർഥനാ യോഗത്തിലേക്കു നീങ്ങി. നടത്തത്തിലുടനീളം സമയം തെറ്റിയതിലുള്ള നീരസം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

അതു ഗോഡ്സെ തന്നെ

പ്രാർഥനാ വേദിക്കു ഏകദേശം ഇരുപതടി അകലത്തിൽ ഗാന്ധിജിക്കു വെടിയേൽക്കുമ്പോൾ കയ്യെത്താവുന്ന അകലത്തിലുണ്ടായിരുന്നു, കല്യാണം. ഇടതു വശത്തുനിന്നു വന്ന ഗോഡ്സെ കാലിൽ തൊട്ടുവണങ്ങാനെന്ന ഭാവത്തിൽ കുനിയുന്നതും പാന്റിന്റെ പോക്കറ്റിൽ നിന്നു തോക്കെടുത്ത് നിറയൊഴിക്കുന്നതും കല്യാണം കൺമുന്നിൽ കണ്ടു. വെടിവച്ചത് മറ്റാരോ ആണെന്നും നാലാമതൊരു വെടിയുണ്ട കണ്ടെത്തിയെന്നുമൊക്കെ പറയുന്നതു ശുദ്ധ അസംബന്ധങ്ങൾ. സുപ്രീം കോടതി ഇക്കാര്യത്തിൽ നിയോഗിച്ച അമിക്കസ് ക്യൂറി, സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന നിലയിൽ തന്റെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നു കല്യാണം പറയുന്നു.

തലയ്ക്കടിയേറ്റ പോലെ അൽപ നേരെ തരിച്ചുനിന്ന ശേഷം കല്യാണം പഴ്സണൽ സെക്രട്ടറിയുടെ ചുമതലയിലേക്കുണർന്നു. വീടിനുള്ളിൽ കയറി പ്രധാനമന്ത്രിയുടെ ഓഫീലേക്കു വിവരം നൽകി.തൊട്ടടുത്തു താമസിച്ചിരുന്ന സർദാർ പട്ടേലിനോട് വീട്ടിൽ ചെന്നു വിവരം അറിയിച്ചു.

ഗാന്ധി വധത്തിനു ശേഷം കുറച്ചു കാലം കൂടി ബിർള ഹൗസിലായിരുന്ന താമസം. ഗാന്ധിജിയുടെ സെക്രട്ടറി പ്യാരെലാലിനെ ആത്മകഥയെഴുതാൻ സഹായിച്ചു. ലേഡി മൗണ്ട് ബാറ്റൻ, ജയപ്രകാശ് നാരായണൻ, സി. രാജഗോപാലാചാരി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ലോകമെമ്പാടും ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് പ്രസംഗിച്ചു.പട്ടിക ജാതി പട്ടിക വർഗ കമ്മിഷന്റെ റീജനൽ കമ്മിഷണറായി പ്രവർത്തിച്ചു.വിളിക്കുന്ന വേദികളിലെല്ലാം ഇപ്പോഴും ഗാന്ധിജിയെക്കുറിച്ച് വാചാലനായിക്കൊണ്ടേയിരിക്കന്നു.

ജീവിതത്തിലുണ്ട്, ഗാന്ധി

വീടിന്റെ വാതിലിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത് ഒരു ഗാന്ധി സൂക്തമാണ്- എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്. ഒരാളുടെയും അത്യാഗ്രഹത്തിനുള്ളത് ഇല്ല. വാതിലിൽ എഴുതിവയ്ക്കുന്ന സൂക്തങ്ങൾ മാത്രമല്ല, കല്യാണത്തിനു ഗാന്ധി. അടി മുതൽ മുടിവരെ നിറയുന്ന ജീവിത ശൈലിയാണ്.

രാവിലെ പ്രാർഥനയോടെയാണു ദിവസത്തിന്റെ തുടക്കം. ഗാന്ധി പഠിച്ച സർവമത പ്രാർഥന തന്നെയാണു ഇന്നും കൂടെയുള്ളത്. നോട്ടു പുസ്തകത്തിൽ ശ്രീ രാമ ജയറാം, അല്ലാഹു അക്ബർ, ജീസസ് നെവർ ഫെയ്ൽ എന്നിവ എഴുതി പ്രാർഥനാപൂർവ്വം കൈകൂപ്പും.മതങ്ങളെല്ലാം ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്ന ഗാന്ധി വചനമായിരിക്കും അപ്പോൾ മനസ്സിൽ. 

ഭാര്യ സരസ്വതി വർഷങ്ങൾക്കു മുൻപ് മരിച്ചു. രണ്ടു പെൺമക്കളും അവരുടെ കുടംബത്തിനൊപ്പം. അഞ്ചു മുറികളുള്ള വീട് ഈ തൊണ്ണൂറ്റിയാറാം വയസ്സിലും വൃത്തിയാക്കുന്നതു തനിച്ചാണ്. സ്വന്തം പാചകം ചെയ്താണു ഭക്ഷണം കഴിക്കുന്നത്. വിശാലമായ മുറ്റത്തെ പൂക്കളും ചെടികളും ദിവസവും നനക്കും. കുറച്ചു വർഷം മുൻപുവരെ വീടിനു മുന്നിലെ റോഡ് വരെ അടിച്ചുവാരി വൃത്തിയാക്കിയിരുന്നു. ശരീരത്തിനു ക്ഷീണം വരുമ്പോൾ മാത്രമാണു ഉറക്കം. രാത്രിയിലും പകലുമെല്ലാം പത്തും പതിനഞ്ചും മിനിറ്റുവരെ നീളുന്ന മയക്കങ്ങൾ. 

ആരോഗ്യമെങ്ങിനെയൊന്നു ചോദിച്ചപ്പോൾ കൈകൾ കൊണ്ട് സ്വന്തം നെഞ്ചിൽ ശക്തമായി ഇടിച്ചു. ചിരിയോടെയായിരുന്നു മറുചോദ്യം- ഈ പ്രായത്തിൽ ഇത്രയൊക്കെ പോരെ?

പുഴകളും നദികളുമൊഴുകി സമുദ്രത്തിൽ ലയിക്കുന്നതുപോലെ, എന്തു പറഞ്ഞു തുടങ്ങിയാലും കല്യാണം ഒടുവിൽ ഗാന്ധിയിലെത്തും. കടലു പോലെ, എത്ര പറഞ്ഞാലും തീരാത്ത വിസ്മയമാണല്ലോ, ഗാന്ധിജിയും. ജീവിച്ചിരിക്കുന്നവരിൽ കല്യാണത്തെപ്പോലെ അതു കണ്ടവർ മറ്റാരുണ്ട്?