കുത്തിയൊഴുകി, സംഹാര താണ്ഡവമാടി പെരിയാർ; മിഴിയടച്ച് മുസിരിസ് തുറമുഖം

വര: ടി.എം. രഞ്ജിത്

പ്രാചീന കേരളത്തിന്റെ സമ്പത്തും പെരുമയും വിദേശരാജ്യങ്ങളിലെത്തിക്കാൻ നിമിത്തമായ മുസിരിസ് തുറമുഖത്തെ മുക്കിക്കളഞ്ഞത്  677 വർഷം മുൻപുണ്ടായ
ഒരു മഹാപ്രളയമോ?

ഇതുപോലൊരു മഴക്കാലമായിരിക്കും പക്ഷേ, ഒഴുക്ക് ഇതുപോലെയാകില്ല. കിഴുക്കാംതൂക്കുകളിൽ നിന്നു കുത്തിയൊഴുകി, മണ്ണും മരങ്ങളും വലിച്ചുവാരി, സംഹാരതാണ്ഡവത്തോടെ, ഹുങ്കാരത്തോടെ സമതലത്തിലൂടെ പാഞ്ഞ് കടലിലേക്ക് ഒഴുകിയ പുഴയുടെ ഒരുകാലം. വിഖ്യാതമായ മുസിരിസ് തുറമുഖത്തിന്റെ അന്ത്യം കുറിച്ചത് അത്തരമൊരു പ്രളയമായിരിക്കാം.ഇടതടവില്ലാതെ ആഴ്ചകൾ നീണ്ടുപെയ്ത കരിമഴക്കാലം. ചെളിയും മണ്ണും വന്നടിഞ്ഞ്, നദീമുഖത്ത് കപ്പലുകൾക്ക് അടുക്കാനാവാതെ, കച്ചവടം നശിച്ച് മഹത്തായൊരു കാലത്തിന്റെ അവസാനം...

 എന്തു സംഭവിച്ചിട്ടുണ്ടാവും?

677 വർഷം പിന്നോട്ടു പോകണം. കണ്ടതോ കേട്ടതോ പറഞ്ഞുതരാൻ ആരുമില്ല. ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. എല്ലാം അനുമാനങ്ങൾ മാത്രം. ചരിത്രവും അങ്ങനെയാണു പറഞ്ഞുവയ്ക്കുന്നത്.
മുസിരിസ് തുറമുഖം ഒരു പ്രളയത്തിൽ മുങ്ങിപ്പോയി. ക്രമേണ കൊച്ചിയിൽ തുറമുഖമുണ്ടായി. പെരുമഴയിൽ, പ്രളയത്തിൽ പെരിയാർ രണ്ടായി പിരിഞ്ഞു, കൊടുങ്ങല്ലൂരിലേക്കും കൊച്ചിയിലേക്കും.


‘99 ലെ’ വെള്ളപ്പൊക്കത്തെക്കുറിച്ചേ നമുക്കു കുറച്ചെങ്കിലും ഓർമയുള്ളൂ, മൂന്നാറിനെയും സമീപ നാടുകളെയും ആഴ്ചകളോളം മുക്കിക്കളഞ്ഞ വെള്ളപ്പൊക്കം. കൊല്ലവർഷക്കണക്കാണ് ‘99’ എന്നത്, 1099. 1924 ജൂലൈ 17നു തുടങ്ങിയ മഴയായിരുന്നു അത്. മൂന്ന് ആഴ്ച ഇടതടവില്ലാതെ പെയ്ത മഴ. അതേ മഴയാണ് ഇപ്പോഴും. കാലം ഏറെ മാറിയതിനാൽ അത്ര പേടിക്കാനില്ലെന്നു മാത്രം.
എന്നാൽ ഏഴു നൂറ്റാണ്ടു മുൻപ് ഒരു തുറമുഖത്തെ തന്നെ ഇല്ലാതാക്കിയ വെള്ളപ്പൊക്കം അങ്ങനെയായിരുന്നിരിക്കില്ല.

 ഇടുക്കിയുടെ നാഡി

മുസിരിസ് തുറമുഖം നിലനിന്നത് ഇടുക്കിയിൽനിന്നുള്ള സുഗന്ധ വ്യഞ്ജന വ്യാപാരത്തിലായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലാണ് ഇടുക്കിയിൽ കുടിയേറ്റമുണ്ടായതെന്നും ജനവാസമുണ്ടായതെന്നുമുള്ള നമ്മുടെ ധാരണയിൽ തിരുത്തൽ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഇത്.
കുടിയേറ്റക്കാർക്കു മുൻപും ഇടുക്കിയിൽ ജനവാസമുണ്ടായിരുന്നുവെന്നു ചരിത്ര വസ്തുക്കൾ സൂചന നൽകുന്നു. പെരിയാറിന്റെ ഇരുകരകളിലും വലിയ ജനപദങ്ങളുണ്ടായിരുന്നു. അതിന് അപ്പുറത്തേക്കു കാടുകളും. മുസിരിസ് തുറമുഖത്തിന്റെ നാശം കുറിച്ച പ്രളയത്തിൽ ആ ജനപദങ്ങളും നശിച്ചുപോയിട്ടുണ്ടാവാം. പിന്നീടുള്ള സമീപകാല ചരിത്രമാണ് ഇടുക്കി കുടിയേറ്റം.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും നിന്നു പ്രാചീന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടത്തെ സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളുമാണു മുസിരിസിനെ ലോകത്തെ പ്രധാന തുറമുഖമായി നിലനിർത്തിയത്.

പ്രളയമാണോ നശിപ്പിച്ചത്?

ചരിത്രം അങ്ങനെ ഉറപ്പിക്കുന്നില്ല. മറിച്ചൊന്നും ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ അറിയുന്നതുതന്നെ ചരിത്രം.ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ക്രിസ്തുവർഷം 1341ൽ ആയിരുന്നു ആ പ്രളയം. കിഴക്കൻ മലകളിൽനിന്നും ഇടനാട്ടിൽനിന്നും പെരുമഴകളിൽ കുത്തിയൊലിച്ച വെള്ളം ഇടയ്ക്കെവിടെയോ പെരിയാറിന്റെ ദിശമാറ്റി. അതല്ലെങ്കിൽ ചെളിയും മണ്ണും നിറഞ്ഞ് തുറമുഖം നികന്നുപോയിരിക്കാം. കപ്പലുകൾക്ക് അടുക്കാനാവാതെ മുസിരിസ് തുറമുഖം ഇല്ലാതായിട്ടുണ്ടാവാം.


പ്രളയം മൂലമാണു മുസിരിസ് തുറമുഖം ഇല്ലാതായതെന്നതിനു പുരാവസ്തു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇക്കാര്യം ആധികാരികമായി പറയാനാവില്ലെന്നും പട്ടണം ഗവേഷണ പദ്ധതിയുടെ ഡയറക്ടറായിരുന്ന ഡോ. പി.ജെ. ചെറിയാൻ പറയുന്നു. ഇതു സംബന്ധിച്ച് ആകെയുള്ള സൂചന 14–ാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ലോകസഞ്ചാരി ഇബ്നുബത്തൂത്തയിൽ നിന്നാണ്.

കൊച്ചിയും കൊടുങ്ങല്ലൂരും ഒഴിവാക്കിയാണ് അദ്ദേഹം സഞ്ചരിച്ചത്. ഭൂമിശാസ്ത്രപരമായ എന്തോ കോളിളക്കമാണ് അതിനു കാരണമെന്ന് അനുമാനിക്കാം.
ഒരുപക്ഷേ, സൂനാമിയായിരിക്കാം മുസിരിസ് തുറമുഖത്തെ ഇല്ലാതാക്കിയത്. ഇതെക്കുറിച്ചും പഠനം നടന്നിട്ടുണ്ട്.3000 വർഷത്തോളം ദൈർഘ്യമുള്ള ചരിത്രത്തിലെ അഞ്ചു നൂറ്റാണ്ടോളം നീണ്ടുനിന്ന ഏട് മാത്രമാണ് മുസിരിസ്. പട്ടണത്തിന്റെ മൺഅടരുകളിൽ പ്രളയത്തിന്റെ ഒരു സൂചനയുമില്ല. നൂറ്റാണ്ടുകളിൽ അടരുകൾ അടരുകളായി മനുഷ്യവാസത്തിന്റെ ശേഷിപ്പുകൾ മണ്ണിലുണ്ടാവും. പ്രളയമാണെങ്കിൽ ചില സാധനങ്ങൾ ഇൗ അടരുകളിൽ കുത്തനെ നിൽക്കും. അതുണ്ടായിട്ടില്ല.

ഒരുകാര്യത്തിൽ മാത്രമാണ് ഉറപ്പ്, പെരിയാർ ഗതിമാറി ഒഴുകിയിട്ടുണ്ട്. പ്രളയമോ സൂനാമിയോ ഭൂചലനമോ അതിനു കാരണമായിട്ടുണ്ടാവാം. സ്വാഭാവിക തുറമുഖങ്ങളൊന്നും അഞ്ചു നൂറ്റാണ്ടിന് അപ്പുറം നിലനിൽക്കാൻ സാധ്യത കുറവാണ്. നദീമുഖത്തു മണ്ണടിഞ്ഞു സ്വാഭാവികമായി ഇല്ലാതാവും. ഇന്നത്തെപ്പോലെ ഡ്രെജിങ് സംവിധാനം അന്നില്ല. ഇതായിരിക്കാം മുസിരിസിനു സംഭവിച്ചിട്ടുണ്ടാവുകയെന്ന് ഡോ. ചെറിയാൻ പറയുന്നു.
 
മുസിരിസിനു ശേഷം

പെരിയാറിന്റെ സമുദ്ര സംഗമസ്ഥാനത്തായിരുന്നു തുറമുഖം. ക്രിസ്തുവിനു മുൻപു യഹൂദരും ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും അറബികളും കേരളത്തിലേക്ക് വ്യാപാരത്തിനെത്തിയ ഇടം. മുസിരിസിന്റെ നാശത്തോടെ കൊല്ലമായി പ്രധാന തുറമുഖം. ഒരു പക്ഷേ കൊച്ചിയിൽ നിന്നാവാം കൊല്ലത്തേക്കു സുഗന്ധവ്യഞ്ജനങ്ങൾ പിന്നീട് എത്തിച്ചത്.
മുസിരിസ് തുറമുഖം ഇല്ലാതായതോടെ വ്യാപാരം കൊല്ലം തുറമുഖം വഴിയായെങ്കിലും കൊച്ചി തുറമുഖം അപ്പോഴേക്കും രൂപംകൊള്ളാൻ തുടങ്ങിയിരുന്നു. ചൈനീസ് ചക്രവർത്തി യൊങ്‌ലോയുടെ സ്ഥാനപതിയായിരുന്ന ചെങ്‌ഹോയുടെ സംഘത്തിലെ മാഹുവാൻ 1400ൽ തന്നെ കൊച്ചി തുറമുഖത്തെക്കുറിച്ചു സൂചിപ്പിക്കുന്നു. ഇതേ കാലത്തു ഇറ്റാലിയൻ സഞ്ചാരി നിക്കോളോ കോണ്ടിയും കൊച്ചിയിൽ വന്നിട്ടുണ്ട്. എന്നാൽ പോർച്ചുഗീസുകാരുടെ വരവോടെയാണ് കൊച്ചിക്കു വാണിജ്യപ്രാധാന്യം കൈവരുന്നത്.

വ്യാപാരം ക്ഷയിച്ചതു മൂലമോ പ്രതികൂല കാലാവസ്ഥ മൂലമോ മുസിരിസ് തുറമുഖത്ത് അടുത്ത കപ്പലുകൾ മറ്റൊരു ഇടം തേടാൻ സാധ്യതയുണ്ടെന്നും അങ്ങനെ തൊട്ടടുത്തുള്ള കൊച്ചി പുതിയൊരു തുറമുഖമായി വികസിച്ചതാവാമെന്നും ചരിത്ര ഗവേഷകനായ ഡോ. രാജൻ ചേടമ്പത്ത് പറയുന്നു. പെനിസിൽവേനിയ സർവകലാശാലയുടെ സഹായത്തോടെ ഡോ. വിമലാ ബെഗ്ലിയുടെ നേതൃത്വത്തിൽ നടത്തിയ മുസിരിസ് രണ്ടാംഘട്ട ഗവേഷണ സംഘത്തിൽ അംഗമായിരുന്നു രാജൻ.

തുറമുഖത്തെ ധാരാളം ദ്വീപുകൾ കപ്പലുകൾക്കു വൻതിരകളിൽ നിന്നു സംരക്ഷണം നൽകിയിട്ടുണ്ടാവാം.മുസിരിസിന്റെ മൺ അടരുകൾ പരിശോധിച്ചതിൽ പ്രളയത്തിന്റെ സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് രാജന്റെയും അഭിപ്രായം. തുടർച്ചയായ അടരുകളിൽ നിരന്തരമായ ജനവാസത്തിന്റെ സൂചനകളാണ്. കനത്ത പ്രളയമായിരുന്നെങ്കിൽ ജനവാസം ഇല്ലാതിരുന്ന ആ ഇടവേള മൺ അടരുകളിൽ കാണേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.