ഈ ‘ചിന്നപ്പൊണ്ണ്’ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ യോഗാധ്യാപിക

ശീർഷാസനത്തിൽ ഒറ്റനിൽപാണ് നാനമ്മാൾ. ഇവർക്ക് 99 വയസ്സോ എന്ന് അന്തംവിട്ടപ്പോൾ ശിഷ്യരുടെ മറുപടി, ‘‘ യോഗാ പാട്ടി ചിന്നപ്പൊണ്ണ് താനേ’’.രാജ്യത്തെ ഏറ്റവും പ്രായമേറിയ യോഗാധ്യാപിക. പത്മശ്രീ ജേതാവ്.  ഇതുവരെ യോഗ അഭ്യസിപ്പിച്ചതു 10 ലക്ഷം പേരെ. കാഴ്ചയ്ക്കും കേൾവിക്കും ഓർമയ്ക്കും മധുരപ്പതിനേഴ്. ഇതുവരെ ആശുപത്രിയിൽ പോയിട്ടില്ല! തമിഴകത്തിന്റെ പരമ്പരാഗത ആയോധന  കലയായ സിലമ്പാട്ടത്തിലും ഒരു കൈ  നോക്കും. താമസം കോയമ്പത്തൂരിനു സമീപം ഗണപതിയിൽ. 

∙ പയറുപയറുപോലെയുള്ള ആ നിൽപ് വെറുതെയല്ല. എട്ടാം വയസ്സിൽ തുടങ്ങിയതാണു യോഗ. കൃഷിക്കാരായിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണു ഗുരുക്കന്മാർ. 

∙രാവിലെ 4.30ന് എഴുന്നേൽക്കും. വെറും വയറ്റിൽ അര ലീറ്റർ പച്ചവെള്ളം. വേപ്പിൻ തണ്ടുകൊണ്ടാണു പല്ലു തേപ്പ് (മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോൾ വേപ്പിൻ തണ്ട് ബാഗിൽ കരുതും).ഏഴു മുതൽ പത്തു വരെ  ശിഷ്യർക്കൊപ്പം യോഗ.

∙ പ്രഭാതഭക്ഷണം റാഗിയും മറ്റു ധാന്യങ്ങളും ചേർത്ത കഞ്ഞി. അതിലുള്ള കാൽസ്യവും നാരുകളും നൽകുന്ന  ഊർജമാണ്  ആരോഗ്യരഹസ്യം. ഉച്ചയൂണിനു ചീര നിർബന്ധം. മുരിങ്ങയിലയും ഇഷ്ടം. ഒരു കാര്യത്തിൽ വിട്ടുവീഴ്ചയില്ല-  പച്ചക്കറികളെല്ലാം സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞതാകണം. രാത്രി ഏഴു മണിക്കു മുൻപ് അത്താഴം. പഴങ്ങളും പച്ചക്കറികളുമാണു പഥ്യം. 

∙ ചായ കുടിക്കില്ല. പനങ്കൽക്കണ്ടവും ജീരകവും പൊടിച്ചു  ചേർത്ത നല്ല  ചുക്കു കാപ്പി ഇടയ്ക്കു കുടിക്കും. ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്തും കുടിക്കും. 

എന്താണ് എനർജി സീക്രട്ട്?

‘ലളിതമായി, സന്തോഷത്തോടെ ജീവിക്കുക. മൂന്നുനേരം ചിട്ടയായ ഭക്ഷണം, ശുചിത്വം, നിത്യവും യോഗ. അതു തന്നെ’.