പ്രായമേശാതെ, പാട്ട്.... 60 കഴിഞ്ഞ സംഗീതപ്രേമികൾക്കായി ഒരു കൂട്ടായ്മ

പാട്ടുതന്നെ സന്തോഷം: കൊല്ലം സൗണ്ട് ഓഫ് എൽഡേഴ്സ് സംഗീത കൂട്ടായ്മയിലെ അംഗങ്ങളിൽ ചിലർ. ചിത്രം: രാജൻ എം.തോമസ്∙ മനോരമ

‘എന്നും തലോടുന്ന പൂന്തെന്നൽ

വീചികൾ ഇന്നെത്ര 

സൗരഭ്യമാർന്നു....’

60, 70 എന്നൊക്കെ പറയുന്നത് ഒരു  പ്രായമാണോ എന്ന് ചോദിച്ച് അവർ പാട്ടു തുടർന്നു, കൊല്ലത്തെ സൗണ്ട് ഓഫ് എൽഡേഴ്സ് കൂട്ടായ്മ.

അസുഖങ്ങളോ, പാട്ട് കൊണ്ടുപോയില്ലേ....

പാട്ടാണിവരുടെ കൂട്ട്. 50 അംഗങ്ങളുണ്ട്. അടച്ചിട്ടമുറിയിലെ കലാപ്രകടനമല്ല, ഗംഭീര ഗാനമേളകളും നടത്തുന്നു. മ്യൂസിക് ബാൻഡിനുള്ള ഒരുക്കത്തിലുമാണ്. മാർച്ച് മുതൽ പ്രവർത്തനമുണ്ടെങ്കിലും നാളെ ലോക വയോജന ദിനത്തിലാണ് സംഘടനയുടെ ഉദ്ഘാടനം. 

‘ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവർ, പ്രമേഹം കടുത്തവർ....അങ്ങനെ ഞങ്ങൾ പലരും രോഗികളാണ്. പക്ഷേ ഇപ്പോൾ കണ്ടാൽ പറയുമോ? കാരണം, ഞങ്ങളെല്ലാം ഹാപ്പിയാണ്. വയസ്സായില്ലേ എന്ന് ഒതുങ്ങിക്കൂടുമായിരുന്നു മുൻപ്. ഇപ്പോൾ മൈക്ക് കണ്ടാൽ‌ പാടും. പലരും ശാസ്ത്രീയം സംഗീതം പഠിക്കാനും തുടങ്ങി. അതുകൊണ്ടെന്താ, രോഗങ്ങളൊക്കെ പാട്ടിനു പോയി.....’ പ്രസിഡന്റ് എസ്. രാജേന്ദ്രദാസ് പറയുന്നു.

‘ഒളിച്ചിരിക്കും’ ഗായകർ

‘പണ്ട് വീട്ടിൽ എന്തെങ്കിലും കാര്യം സാധിക്കാൻ ഞാൻ, ദാ ഇപ്പോ  പാടും എന്നു ‘പേടിപ്പിക്കു’മായിരുന്നു. അയ്യോ, പാടല്ലേ, എന്തു കാര്യം വേണമെങ്കിലും നടത്തിത്തരാം എന്നാകും ആങ്ങളമാരുടെ മറുപടി. ’–    കൊല്ലത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റുമാരിൽ ഒരാളായ ഡോ. രാധാഭായി ചിരിക്കു തിരികൊളുത്തി. 

ഡോക്ടർ പാടുന്നുണ്ടല്ലോ, പിന്നെന്താ എന്നു പ്രോത്സാഹിപ്പിക്കുന്നു ഒപ്പമുള്ളവർ. 

‘ബാത്‌റൂം സിങ്ങേഴ്സ്’ മാത്രമായവരെ ഒന്നു വലിച്ചു പുറത്തിടണം. പ്രായമേറിയെന്നു പറഞ്ഞ്, പാട്ടു മറന്ന്,  മരുന്നുകളോടു കൂട്ടുകൂടിയിരിക്കുന്നവരെ ഒന്നുഷാറാക്കണം; അതാണു  ലക്ഷ്യം. 

ഓർമകൾ, ഈണങ്ങൾ

സാമൂഹിക നീതി വകുപ്പുമായി ചേർന്നു വൃദ്ധസദനങ്ങളിലും ഗാനമേളകൾ നടത്തുന്നു. അന്തേവാസികളും ഒപ്പം പാടും. ഒറ്റപ്പെടലും ടെൻഷനും മാറാൻ സംഗീതം പോലെ മറ്റൊന്നുമില്ല എന്നറിയാവുന്നവരല്ലേ ഞങ്ങൾ.

പുതിയ പാട്ടുകളും വഴങ്ങുമെങ്കിലും പഴയ ഈണങ്ങളോട് ഇഷ്ടമേറും.  അതിന് അശോക് കുമാറിനും രാമചന്ദ്രൻ നായർക്കുമെല്ലാം മറ്റൊരു കാരണം കൂടിയുണ്ട്, ‘‘ആ പാട്ടുകളിൽ ചെറുപ്പത്തിന്റെ ഓർമകളുമുണ്ട്.’’ 

ഡോ.കെ. ശിവരാമകൃഷ്ണ പിള്ള,  ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡി കോസ്റ്റ, ജി. മാധവൻകുട്ടി,  ഡോ. തോമസ് വില്യം, കെ.എൻ.ജനരാജൻ, ജി. ജയപ്രകാശ്,  എം.എസ്. മോഹനചന്ദ്രൻ എന്നിവരും കൂടിയുണ്ട്, നേതൃത്വത്തിൽ. 

മനസ്സിൽ ചെറുപ്പമേറെയുള്ള ഈ  കൂട്ടുകാർക്ക്  ഒറ്റ ലക്ഷ്യമേ ഉള്ളൂ, സന്തോഷം. അതിന് അധികൃതരോട് ചെറിയ ആവശ്യവും; വയോധികർക്കായും കലോത്സവം വേണം. 

ചിരികൾ വിടർന്നു, ഒപ്പം അടുത്ത പാട്ടും,  ബഹാരോം ഫൂൽ ബർസാവോ.....